Sports News
ഞാന്‍ എന്താ ജ്യോതിഷനോ? രോഹിത്തിനെ കുറിച്ചുള്ള ചോദ്യത്തോട് വിചിത്രമായി പ്രതികരിച്ച് ഇന്ത്യയുടെ ലോകകപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 12, 04:53 pm
Wednesday, 12th March 2025, 10:23 pm

രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറും 1983 ലോകകപ്പ് വിന്നിങ് ടീമിലെ പ്രധാനിയുമായ ദിലീപ് വെങ്‌സര്‍ക്കാര്‍.

2027 ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കും രോഹിത് ശര്‍മയ്ക്കും നിരവധി മത്സരങ്ങള്‍ കളിക്കാനുണ്ടെന്നും നിലവില്‍ രോഹിത്തിന്റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ജ്യോതിഷന്‍ ഒന്നുമല്ലല്ലോ. 2027 ലോകകപ്പിന് മുമ്പ് നിരവധി മത്സരങ്ങള്‍ കളിക്കാനുണ്ട്. രോഹിത്തിന്റെ ഫിറ്റ്‌നെസ്സും ഫോമും അനുസരിച്ചായിരിക്കും എല്ലാ കാര്യങ്ങളും.

ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു പ്ലെയര്‍ എന്ന നിലയിലും മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാണ് ആളുകള്‍ അവന്റെ വിരമിക്കലിനെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇത് തീര്‍ത്തും അനാവശ്യമാണ്.

രോഹിത്തിനെ പോലെ ഒരു താരത്തിന് സ്വന്തം ഭാവിയെ കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. വിരാടും രോഹിത്തുമെല്ലാം ബിഗ് മാച്ച് പ്ലെയേഴ്‌സാണ്. മികച്ച ടൂര്‍ണമെന്റുകളിലോ മത്സരങ്ങളിലോ ആണ് കളിക്കുന്നതെങ്കില്‍ അവരുടെ പ്രകടനവും അതിനനുസരിച്ച് മികച്ചതാകും.

ടീമിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നുകൂടി ഇക്കാര്യം നോക്കിക്കാണേണ്ടതുണ്ട്. അവരുടെ സാന്നിധ്യം പോലും എതിരാളികളെ തളര്‍ത്താന്‍ പോന്നതാണ്,’ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലും രോഹിത് ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു.

ഒരു പതിറ്റാണ്ടിലധികം നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിച്ച് രോഹിത്തും സംഘവും ടി-20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ താരം ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രോഹിത് മാത്രമല്ല, വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയവും ഷോര്‍ട്ടര്‍ ഫോര്‍മാറ്റിനോട് വിടപറഞ്ഞിരുന്നു.

 

ഇത് സമാനമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് പിന്നാലെ ഇവര്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതിയത്. ഫൈനലില്‍ തന്റെ പത്ത് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിരാട് ജഡേജയെ ആശ്ലേഷിച്ചതും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

എന്നാല്‍ കിരീടം നേടിയതിന് പിന്നാലെ ആരും തന്നെ വിരമിക്കുന്നില്ല എന്ന് രോഹിത് വ്യക്തമാക്കുകയായിരുന്നു.

 

Content Highlight: Dileep Vengsarkar about Rohit Sharma’s retirement speculations