Advertisement
Entertainment
'അമ്പടി ലൂപ്പ് രശ്മി' എന്ന് ആ നടന്‍ എന്നെ വിളിച്ചു; ഷൂട്ട് തീരുന്നത് വരെ അദ്ദേഹം ആ പേരിലെന്നെ കളിയാക്കിക്കൊണ്ടേയിരുന്നു: രശ്മി സോമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 04:14 pm
Wednesday, 12th March 2025, 9:44 pm

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി സോമന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ രശ്മി മികച്ച ഒരുപിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ തിളങ്ങാനും രശ്മിക്ക് കഴിഞ്ഞിട്ടുണ്ട്.

സാദരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ രശ്മി സോമന്‍. സാദരം എന്ന സിനിമയില്‍ ബാലതാരമായാണ് താന്‍ അഭിനയിച്ചിട്ടുള്ളതെന്നും സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകനെന്നും രശ്മി പറയുന്നു.

ഒരു പാട്ട് സീന്‍ ആനപ്പുറത്തായിരുന്നു ഷൂട്ട് ചെയ്തതെന്നും സുരേഷ് ഗോപിയും താനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവിയും ആനപ്പുറത്ത് ഇരുന്നെന്നും രശ്മി പറഞ്ഞു. പിടിക്കാന്‍ സ്ഥലമില്ലാതെ താന്‍ സുരേഷ് ഗോപിയുടെ പാന്റിന്റെ ലൂപ്പില്‍ പിടിച്ചെന്നും അതറിഞ്ഞ സുരേഷ് ഗോപി തന്നെ ‘ലൂപ്പ് രശ്മി’ എന്ന് കളിയാക്കി വിളിച്ചെന്നും രശ്മി കൂട്ടിച്ചേര്‍ത്തു.

‘ലോഹിതദാസ് സാര്‍ സംവിധാനം ചെയ്ത ‘സാദരം’ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. സുരേഷ് ഏട്ടന്‍ (സുരേഷ് ഗോപി) ആയിരുന്നു നായകന്‍. ഒരുദിവസം പാട്ട് രംഗമാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ നല്ല ലാച്ചയൊക്കെ ധരിച്ച് ഞാന്‍ ലൊക്കേഷനില്‍ ചെന്നു. അവിടെ എത്തിയപ്പോഴാണ് ആനപ്പുറത്തുള്ള പാട്ട് രംഗമാണെന്ന് മനസിലായത്.

ലാച്ചയൊക്കെ ഇട്ട് സുരേഷേട്ടനൊപ്പം ഞാനും ഇപ്പോഴത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവിയും വിശാലും ആനപ്പുറത്ത് വലിഞ്ഞുകയറി. പേടികൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലായില്ല. ആനപ്പുറത്തിരിക്കുമ്പോള്‍ വീഴാതിരിക്കാന്‍ എവിടെ പിടിക്കണമൊന്നും അറിയില്ല. അവസാനം ഞാന്‍ സുരേഷേട്ടന്റെ പാന്റിന്റെ ലൂപ്പില്‍ പിടിച്ചിരുന്നു.

ഷൂട്ട് കഴിഞ്ഞ് താഴെ ഇറങ്ങിയപ്പോള്‍ ദേവി എന്നോട് ചോദിച്ചു, ‘നീയെങ്ങനെയാണ് എവിടെയും പിടിക്കാതെ ധൈര്യമായി ആനപ്പുറത്തിരുന്നത്’ എന്ന്. ഞാന്‍ സുരേഷേട്ടന്റെ പാന്റിന്റെ ലൂപ്പില്‍ പിടിച്ചിരുന്ന കാര്യം ദേവിയോട് പറഞ്ഞു. ഇത് സുരേഷേട്ടന്‍ കേട്ടു ‘അമ്പടി ലൂപ്പ് രശ്മി’ എന്ന് അദ്ദേഹമെന്നെ വിളിച്ചു. ഷൂട്ട് തീരുന്നത് വരെ സുരേഷേട്ടന്‍ എന്നെ ‘ലുപ്പ് രശ്മി’ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു,’ രശ്മി സോമന്‍ പറയുന്നു.

Content highlight: Reshmi Soman talks about Suresh Gopi