Football
വിരമിച്ച സൂപ്പർതാരം വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു? ആവേശത്തിൽ ഫുട്ബോൾ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 24, 10:30 am
Tuesday, 24th September 2024, 4:00 pm

മുന്‍ ചിലി ഗോള്‍കീപ്പര്‍ കൗഡിയോ ബ്രാവോ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ്. പരിക്കേറ്റ ജര്‍മന്‍ ഗോള്‍കീപ്പര്‍ ആന്ദ്രേ ടെര്‍ സ്റ്റീഗന് പകരക്കാരനായി  ബാഴ്‌സയിൽ കളിക്കാന്‍ ബ്രാവോ തയ്യാറാണെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014 മുതല്‍ 2017 വരെ സ്പാനിഷ് വമ്പന്‍മാരുടെ ഗോള്‍വലയം കാക്കാന്‍ ബ്രാവോക്ക് സാധിച്ചിട്ടിട്ടുണ്ട്. 75 മത്സരങ്ങളില്‍ ബാഴ്‌സക്ക് വേണ്ടി കളത്തിലിറങ്ങിയ താരം 45 ക്ലീന്‍ ഷീറ്റുകളാണ് സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ ബെറ്റിസിന് വേണ്ടിയാണ് ബ്രാവോ അവസാനമായി കളിച്ചത്.

നാല് സീസണുകളിലാണ് ബ്രാവോ റയല്‍ ബെറ്റിസിന്റെ ഗോള്‍ വലയത്ത് നിലയുറപ്പിച്ചത്. നിലവില്‍ ബ്രാവോ ഒരു ക്ലബ്ബിന് വേണ്ടിയും കളിക്കാത്ത സാഹചര്യത്തില്‍ താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് സാധിക്കും.

വിയ്യാറയലിനെതിരെയുള്ള മത്സരത്തിലായിരുന്നു ടെര്‍ സ്റ്റീഗന് പരിക്ക് പറ്റിയത്. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ടെര്‍ സ്റ്റീഗന് പരിക്ക് സംഭവിച്ചത്. കോര്‍ണറില്‍ നിന്നുള്ള പന്ത് പിടിക്കാനായി ഉയരത്തില്‍ ചാടിയ ജര്‍മന്‍ താരം മൈതാനത്ത് വീഴുകയായിരുന്നു.

ഇതിന് പിന്നാലെ താരത്തിന്റെ വലതു കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ടെര്‍ സ്റ്റീഗനെ സ്ട്രക്ചറില്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കിന് പിന്നാലെ ടെര്‍ സ്റ്റീഗന്‍ അടുത്ത എട്ട് മാസത്തോളം ഫുട്‌ബോളില്‍ നിന്നും പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ സ്പാനിഷ് ലീഗില്‍ ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. സെപ്റ്റംബര്‍ 26ന് ഗെറ്റാഫക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. കറ്റാലന്‍മാരുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Report Says Caudio Bravo Are Intrest to Back Barcelona