ന്യൂദല്‍ഹി: 50 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും അത് പരസ്യ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലറ്റികയോട് കേന്ദ്രം വിശദീകരണം ചോദിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31 നകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് നല്‍കിയ നോട്ടീസില്‍ ആരാഞ്ഞത്.
ഏത് രീതിയിലാണ് കമ്പനി പൗരന്മാരുടെ വിവരം ശേഖരിച്ചതെന്നും ഉപഭോക്താക്കളുടെ സമ്മതം ചോദിച്ചിരുന്നോ എന്നും കേന്ദ്രം ചോദിച്ചിട്ടുണ്ട്. പത്രക്കുറിപ്പിലൂടെയാണ് നോട്ടീസ് നല്‍കിയ കാര്യം കേന്ദ്രം അറിയിച്ചത്.
കേംബ്രിഡ്ജ് അനലിറ്റിക്ക 2014ല്‍ ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നോട്ടീസ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടി കേംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രചരണ തന്ത്രം “ന്യൂയോര്‍ക്ക് ടൈംസും” “ഒബ്സര്‍വറും” ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക സക്കര്‍ബര്‍ഗിനോട് ബ്രിട്ടണ്‍ പാര്‍ലമെന്റും യൂറോപ്യന്‍ പാര്‍ലമെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.