നല്ല ആണത്തമുള്ള ശില്പം; രാജ്യാന്തര പുരസ്‌കാരവുമായി നില്‍ക്കുന്ന ടൊവിനോയുടെ ചിത്രത്തിന് താഴെ രമേഷ് പിഷാരടി
മികച്ച ഏഷ്യന്‍ നടനുള്ള രാജ്യാന്തര പുരസ്‌കാരവും കയ്യിലേന്തി നില്‍ക്കുന്ന നടന്‍ ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റുമായി നടന്‍ രമേഷ് പിഷാരടി.
നല്ല ആണത്തമുള്ള ശില്പം എന്നുപറഞ്ഞായിരുന്നു അലന്‍സിയറിന്റെ വിവാദ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ടുള്ള രമേഷ് പിഷാരടിയുടെ കമന്റ്.
നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സിലാണ് മികച്ച ഏഷ്യന്‍ നടനായി ടൊവിനോയെ തിരഞ്ഞെടുത്തത്. 2018 എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌കാരം.
2018 എന്ന സിനിമയിലെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ പുരസ്‌കാരത്തെ പ്രിയപ്പെട്ടതാക്കുന്നതെന്നും ഇത് കേരളത്തിനുള്ള പുരസ്‌കാരമാണെന്നുമായിരുന്നു അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ ടൊവിനോ സമൂഹമാധ്യമത്തില്‍ കുറിച്ചത്. അവാര്‍ഡ് ശില്പവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ടൊവിനോയുടെ ഈ പ്രതികരണം. ഇതിന് താഴെയാണ് ‘ നല്ല ആണത്തമുള്ള ശില്പം’ എന്ന് രമേഷ് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്.
സംവിധായകന്‍ ബേസില്‍ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ടൊവിനോയുടെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു വിവാദ പരാമര്‍ശങ്ങളുമായി അലന്‍സിയര്‍ രംഗത്തെത്തിയത്. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയറിന്റെ പരാമര്‍ശം.
സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് സ്വര്‍ണ്ണം പൂശിയ പുരസ്‌കാരം നല്‍കണമെന്നും 25000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡൊക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം.
ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടനും ടൊവിനോ ആണ്.
2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് എനിക്ക് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്, ഇത് കേരളത്തിനുള്ള പുരസ്‌കാരമാണ്,’ എന്നായിരുന്നു ടൊവിനോ കുറിച്ചത്.
നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമില്‍ എല്ലാ വര്‍ഷവും നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്‌കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാര്‍ഡ്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.