Kerala News
പാനൂര്‍ സ്ഫോടനക്കേസ്; ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 10, 01:53 am
Wednesday, 10th April 2024, 7:23 am

കണ്ണൂര്‍: പാനൂര്‍ സ്ഫോടനക്കേസില്‍ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതി അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചുവെന്നും മറ്റു പ്രതികള്‍ മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. അതേസമയം കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. നിരവധി ക്രിമിനല്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശ നല്‍കിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ 12 ആളുകളാണ് പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ഒരാള്‍ സ്ഫോടനത്തില്‍ മരിക്കുകയും ചെയ്തു. മൂന്ന് പേര് നിലവില്‍ ആശുപത്രി ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ബോംബ് നിര്‍മാണത്തിന്റെ മുഖ്യ സൂത്രധാരനായ ഷിജാല്‍, അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ എത്തിച്ചുനല്‍കിയത് ആരാണെന്നും സ്റ്റീല്‍ ബോംബുണ്ടാക്കാന്‍ പരിശീലനം എവിടെ നിന്നാണ് കിട്ടിയതെന്നതും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

പാനൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നേരത്തെ സമ്മതിച്ചിരുന്നു. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡി.വൈ.എഫ്.ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അറിയിച്ചിരുന്നു.

Content Highlight: Remand report that bomb making in Panur blast case also targeted political opponents