| Sunday, 24th July 2011, 1:00 pm

മതവിശ്വാസികളെന്ന ചിത്രശലഭങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

സക്കീര്‍ ഹുസൈന്‍ തബല വായിക്കുന്നതുപോലെയോ തൃശൂര്‍ പൂരത്തിന്റെ ശിങ്കാരിമേളം പോലെയോ മഴ പെയ്യുന്ന കര്‍ക്കിടകമാസം. പണ്ടൊക്കെ മിക്ക വീടുകളും പഞ്ഞമായിരിക്കും . പട്ടിണിയുടെ നാളുകളില്‍ മനുഷ്യന്‍ വായനയിലേക്ക് പോവുകയും സ്വാസ്ഥ്യം നേടുകയും ചെയ്യും. അറിവ് വിശപ്പിനെ നേരിടാനായ് ഉപയോഗിക്കുന്നൊരു മരുന്നായും മാറ്റാന്‍ കഴിയും.

വൈകുന്നേരങ്ങളില്‍ ഹൈന്ദവ ഭവനങ്ങളില്‍ നിന്നും മുത്തശ്ശിയുടെ നിര്‍മ്മലവും സ്‌നേഹനിര്‍ഭരവുമായ ശബ്ദത്തില്‍ രാമായണം കേള്‍ക്കാം. തണുത്ത അന്തരീക്ഷത്തില്‍ നിലവിളക്കിന്റെ ശോഭയില്‍ സ്‌നേഹാക്ഷരങ്ങള്‍ മുഴങ്ങുകയെന്നത് അതീവ ഹൃദ്യവുമാണ്. ഹൈന്ദവര്‍ മാത്രമല്ല എല്ലാ മതങ്ങളും അവരുടെ വേദഗ്രന്ഥം വായിക്കാനായ് സമയം നീക്കിവെക്കാറുണ്ട്. ഇത്തരം വായനകളില്‍ വാക്കുകള്‍ക്ക് മുകളില്‍ പറന്നു നടക്കുന്നൊരു ചിത്രശലഭം മാത്രമായിരിക്കും ചിന്ത. ആഴത്തിലേക്ക് കടന്ന് പരിശോധിക്കാന്‍ ഒരിക്കലും ശ്രമിക്കാറില്ല.

സാധാരണ മതവിശ്വാസികള്‍ ചിത്രശലഭചിന്തകളാണു. ബലമില്ലാത്ത ഭംഗിയാര്‍ന്ന ചിറകുകളുള്ളവര്‍. മറ്റുള്ളവരെ ഒരിക്കലും ദ്രോഹിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍. തങ്ങളുടെ മതവിശ്വാസമെന്ന ഭംഗിയുള്ള വര്‍ണ്ണച്ചിറകുകളെക്കാള്‍ മനോഹരമായ ചിറകുകള്‍ ആര്‍ക്കുമില്ലല്ലോ എന്ന് അഹങ്കരിക്കുന്ന പാവം ചിത്രശലഭങ്ങള്‍..

മതങ്ങള്‍ ഈ തത്വം തിരിച്ചറിഞ്ഞവരാണു. രാമായണം വായിക്കപ്പെടുക മാത്രമെ ചെയ്യുകയുള്ളൂ അതിന്റെ ആഴങ്ങളിലേക്ക് ഒരിക്കലും ഇറങ്ങിച്ചെല്ലുകയില്ലെന്നുമുള്ള തിരിച്ചറിവ്. ഭക്തിയിലൂടെയുള്ള വായന ആഴത്തിലേക്ക് നീങ്ങില്ല. തലച്ചോറുകള്‍ മന്ദീഭവിപ്പിക്കുകയും ഹൃദയത്തെ ദ്രവീകരിപ്പിക്കുകയും ചെയ്യുന്നൊരു രീതിയാണു മതങ്ങള്‍ സ്വീകരിക്കുന്നത്. ഭൂമിയിലെ ജീവിതത്തെക്കുറിച്ച് പറയാതെ മരണാനന്തരം ജീവിതത്തെ പുകഴ്ത്തിപ്പറഞ്ഞ് മനുഷ്യരെ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നും അകറ്റി നിര്‍ത്തും.

രണ്ട്…

കര്‍ക്കിടക മാസം പുരോഗമന വാദികളും വായനാ മാസമായി ആചരിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ഘോരമായ് പെയ്യുന്ന രാവുകളില്‍ ബഷീറിന്റെ “ബാല്യകാല സഖി”യിലൂടെ കടന്നുപോകുന്ന അനുഭവം മറ്റൊരിക്കലും ഒരു കാലാവസ്ഥയ്ക്കും സൃഷ്ടിക്കാന്‍ കഴിയില്ല.

ഖസാക്കിന്റെ ഇതിഹാസം ഓരോ കാലാവസ്ഥയിലും ഓരോ അനുഭവമായ് പെയ്യ്തിറങ്ങുന്ന നോവലാണു. വേനലില്‍ അത് നിങ്ങളെ ദാഹിപ്പിക്കും. തൊണ്ട നനക്കാന്‍ ഇറ്റു ജലത്തിനായ് മനസ്സ് നീറും. മഴയുടെയും തണുപ്പിന്റെയും ലോകത്തില്‍ വായന നിങ്ങള്‍ക്കൊരു പുതപ്പ് നല്‍കും. പുതപ്പിനടിയില്‍ കിടന്ന് നിങ്ങള്‍ പനിച്ചേക്കാനും സാധ്യതയുണ്ട്.

വായന പനിയും ചുമയും നല്‍കുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത് നല്ലതാണു. നെരൂദക്കവിത തൊണ്ടയില്‍ കുരുങ്ങി ചുമക്കുമ്പോള്‍ അതൊരു വിമ്മിട്ടമല്ല നല്‍കുക പകരം തലച്ചോറിന്റെ മടക്കുകളില്‍ കടന്നിരിക്കുന്ന കഫം ഇളകിപ്പോവുകയും നിങ്ങളുടെ തലച്ചോര്‍ നന്നായ് ചിന്തിച്ചു തുടങ്ങുകയുമാവും ചെയ്യുക.

മൂന്ന്…

വായന ചിത്രശലഭച്ചിറകുകളില്‍ നിന്നും ബലമുള്ള മീന്‍ ചിറകുകളായ് രൂപപ്പെടുകയും വായനയിലൂടെ വാക്കിന്റെ അര്‍ത്ഥപ്പുഴകളുടെ ആഴങ്ങളിലേക്ക് മുങ്ങാംങ്കുഴിയിടാനും ഉള്ളറിയാനും ഉണ്മയറിയാനും കഴിയണം. ഓരോ വാക്കിലും സൂക്ഷിച്ചിരിക്കുന്ന തേന്‍ തുള്ളികള്‍ നുകരാന്‍ വാക്കിന്നിതളുകള്‍ ഇതളിക്കാനും തേന്‍ നുകരാനും നീളമുള്ള തുമ്പിക്കൈകള്‍ വളരേണ്ടിയിരിക്കുന്നു.

കേരളമൊട്ടാകെ കാലാകാലങ്ങളായ് മതഗ്രന്ഥങ്ങള്‍ വായിക്കപ്പെടുന്നു… ആവര്‍ത്തിക്കുന്തോറും അറിവില്ലാത്തവരായി മാറുന്നു. അര്‍ത്ഥമറിയാതെ എണ്ണം തികക്കുന്നതാണു സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്ന് നിനച്ചാല്‍ മനുഷ്യന്‍ ഒരിക്കലും അവന്റെ തലച്ചോര്‍ ഉപയോഗിക്കില്ല… !

മുറിക്കഷ്ണം...
വായന ഒരു വിപ്ലവമാണു. മനുഷ്യനെ മാറ്റിമറിക്കാന്‍ കഴിയുന്ന വിപ്ലവം. ഇന്ന് കേരളീയന്‍ ഒന്നും വായിക്കാന്‍ മെനക്കെടുന്നില്ല. ആഴത്തില്‍ വായിക്കുമ്പോള്‍ ലഭിക്കുന്ന സുഖങ്ങളിലേക്ക് മാറാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതത്തിന്റെ എല്ലാ നൈരാശ്യത്തോടെയും ഒരു മരണം അവനു ലഭിക്കുന്നുവെന്നാണു അര്‍ത്ഥം..! വായന നഷ്ടപ്പെട്ടൊരു സമൂഹം മരിച്ചവരുടെ സമൂഹവുമാണ്. കേരളം മരണപ്പെട്ടൊരു സമൂഹമായ് മാറിക്കൊണ്ടിരിക്കുന്നു.

സൂചിമുന…

ജീവിതം വളരെ ചെറുതാണു……. അതിനെ വിശാലവും അതിരില്ലാത്തതുമാക്കുന്നത് വായനയാണു.

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

ശശിവേന്ദ്രാ തിളങ്ങുന്നു നിന്മുഖം ചന്ദ്രനെപ്പോലെ

വി.എസ് പുറത്തേക്കും പി.ശശി അകത്തേക്കും

വാലുകള്‍ പേച്ചും കാലം..

വി.എസിന്റെ ജൈത്ര യാത്രകള്‍…

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

We use cookies to give you the best possible experience. Learn more