നിവിന്‍ പോളിയും രാജീവ് രവിയും ഒന്നിക്കുന്ന പുതിയ ചിത്രം തുറമുഖത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതിനായി തനിക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെന്നും, എന്നാല്‍ സിനിമയോടുള്ള ഇഷ്ടം കൊണ്ട് പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.
നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്.
2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മണികണ്ഠന്‍ ആചാരിയെ തേടിയെത്തിയിരുന്നു.
തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.