ടെഹ്‌റാന്‍: മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സൈദ് അബ്ബാസ് അരാഗ്ചി അറിയിച്ചു.
മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ ഇറാന്‍ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ യെമനുമായി ചര്‍ച്ച നടത്തുന്നുവെന്ന വിവരം പുറത്തുവരുന്നത്.
യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷക്കെതിരെയുള്ള കേസ്.
ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിമിഷ വധശിക്ഷയില്‍ ഇളവിന് സമീപിച്ചെങ്കിലും യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെയും നിമിഷ സമീപിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമന്‍ തലസ്ഥാനമായ സനയില്‍ എത്തിയിരുന്നു.
തലാലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിമിഷ പ്രിയ യെമനില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. നിമിഷ പ്രിയയും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്.
വധശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചതായും പ്രസിഡന്റ് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനിടെ യെമനിലെ ഔദ്യോഗിക നീതിന്യായ നിര്‍വഹണ സംവിധാനം വഴി നിമിഷ പ്രിയ കടന്നുപോയിട്ടില്ലെന്ന് യെമന്‍ എംബസി വിശദീകരണവും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിമിഷ പ്രിയയുടെ മോചനം ചര്‍ച്ചയായിരുന്നു. നിമിഷയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ തലാലിന്റെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടത് എം.പി ജോണ്‍ ബ്രിട്ടാസാണ് നിമിഷയുടെ കാര്യം സഭയില്‍ അവതരിപ്പിച്ചത്.
Content Highlight: Release of Nimisha Priya; Iran is reportedly negotiating with Yemen