തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയാണ് അവധി.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. തെക്കന്‍ ജില്ലകളില്‍ കനത്തമഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
നെടുംപുറംചാല്‍ സബ് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നാദിറയുടെ മകള്‍ നുമ തസ്ലീനാണ് മരിച്ചത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ പൂളക്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി. പൂളക്കുറ്റി താഴെ വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടയം കൂട്ടിക്കലില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ പൗലോസ് എന്നയാളുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. തിങ്കളാഴ്ച സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഇതോടെ, മഴക്കെടുതിയില്‍ ആകെ മരണം 11 ആയി.