തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. സ്പോര്‍ട്സ് കോമഡി ഴോണറിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എത്തുന്നത്.
ബോക്സിങ് പശ്ചാത്തലമാക്കി എത്തുന്ന സിനിമയില്‍ നസ്‌ലെന്‍, ലുക്മാന്‍, അനഘ രവി, ഗണപതി എന്നിവരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഇവര്‍ക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും സിനിമക്കായി ഒന്നിക്കുന്നുണ്ട്.
ഇപ്പോള്‍ ബേബി ജീനിനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. ബേബി ജീന്‍ ഈ സിനിമയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഒരുപാട് എക്‌സൈറ്റഡായെന്നും എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസമാണ് താന്‍ അവനെ ആദ്യമായി കാണുന്നതെന്നും നസ്‌ലെന്‍ പറയുന്നു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ബേബി ജീന്‍ ഈ സിനിമയില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. ഞാന്‍ ഫോളോ ചെയ്യുന്ന ഒരാള്‍ തന്നെ ആണല്ലോ അവന്‍. പടത്തിന്റെ സമയത്ത് പരിചയപ്പെടുന്നതിന് മുമ്പേ തന്നെ ഞാന്‍ അവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
ആലപ്പുഴ ജിംഖാനയില്‍ ഞാനും അവനും കസിന്‍സായിട്ടാണ് അഭിനയിച്ചത്. പക്ഷെ ഷൂട്ടിന്റെ തലേദിവസമാണ് ഞങ്ങള്‍ പരസ്പരം ആദ്യമായി കാണുന്നത്. അന്ന് പൂജയുടെ സമയത്താണ് കാണുന്നത്.
അപ്പോള്‍ സിങ്കാവാന്‍ എത്ര സമയം കിട്ടിയിട്ടുണ്ടെന്ന് ഊഹിക്കാമല്ലോ (ചിരി). സിനിമയുടെ ഷൂട്ടിങ്ങിന്റെ മുമ്പ് ആറ് മാസത്തെ ബോക്‌സിങ് പ്രാക്ടീസൊക്കെ ഉണ്ടായിരുന്നല്ലോ. പക്ഷെ അതിലൊന്നും ബേബി ജീന്‍ ഉണ്ടായിരുന്നില്ല.
പക്ഷെ എനിക്ക് ഇപ്പോഴും ഫീല്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആ ഒരു ജേര്‍ണിയില്‍ മൊത്തം അവന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് പോലെ തോന്നുന്നു. കുറേനാളായി അറിയുന്ന ഒരാളെ പോലെയാണ് തോന്നിയത്,’ നസ്‌ലെന്‍ പറയുന്നു.
Content Highlight: Naslen Talks About Alappuzha Gymkhana And Baby Jean