Advertisement
Entertainment
കേരളത്തിലെ സിനിമാപ്രേമികള്‍ക്ക് മാത്രം ഒരു പ്രത്യേകതയുണ്ട്, അതാണ് അവരെ സ്‌പെഷ്യലാക്കുന്നതും: എസ്.ജെ. സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 03, 11:06 am
Thursday, 3rd April 2025, 4:36 pm

നായകന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് എസ്.ജെ. സൂര്യ. അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച എസ്.ജെ. സൂര്യ അജിത്തിനെ നായകനാക്കി 1999ല്‍ റിലീസായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു.

രണ്ടാം വരവില്‍ മികച്ച പെര്‍ഫോമറെന്ന് പേരെടുത്ത എസ്.ജെ. സൂര്യയെയാണ് സിനിമാലോകം കണ്ടത്. വില്ലനായും ക്യാരക്ടര്‍ റോളുകള്‍ ചെയ്തും അദ്ദേഹം തന്റെ റേഞ്ച് വ്യക്തമാക്കി. മലയാളസിനിമയെക്കുറിച്ചും കേരളത്തിലെ പ്രേക്ഷകരെക്കുറിച്ചും സംസാരിക്കുകയാണ് എസ്.ജെ. സൂര്യ. ഇന്ത്യന്‍ സിനിമയില്‍ മികച്ച സിനിമകള്‍ റിലീസാകുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് മലയാളമെന്ന് എസ്.ജെ. സൂര്യ പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു പോലെ ചെറിയ ബജറ്റില്‍ മികച്ച വിജയങ്ങള്‍ മലയാളത്തിലുണ്ടാകുമെന്നും അതെല്ലാം മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മാതൃകയാണെന്നും എസ്.ജെ. സൂര്യ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രേക്ഷകരും വ്യത്യസ്തരാണെന്ന് എസ്.ജെ. സൂര്യ പറയുന്നു. തമിഴ് സിനിമകള്‍ തമിഴില്‍ തന്നെ കാണാന്‍ ശ്രമിക്കുന്നവരാണ് മലയാളികളെന്നും അത് വലിയൊരു കാര്യമാണെന്നും എസ്.ജെ. സൂര്യ കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമകള്‍ ആന്ധ്രയിലും നോര്‍ത്ത് ഇന്ത്യയിലും റിലീസ് ചെയ്യുമ്പോള്‍ തെലുങ്കിലും ഹിന്ദിയിലും ഡബ്ബ് ചെയ്യേണ്ടി വരുമെന്നും കേരളത്തില്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്.ജെ. സൂര്യ പറഞ്ഞു. പുതിയ ചിത്രമായ വീര ധീര സൂരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.ജെ. സൂര്യ.

‘മൊത്തം ഇന്ത്യന്‍ സിനിമ എടുത്തുനോക്കിയാല്‍ അതില്‍ മലയാളം ഇന്‍ഡസ്ട്രി മാത്രം കുറച്ച് വ്യത്യസ്തമാണ്. വലിയ ബജറ്റുള്ള സിനിമകള്‍ ഇവിടെ അധികം വരാറില്ല. ചെറിയ ബജറ്റില്‍ മികച്ച കണ്ടന്റുള്ള സിനിമകള്‍ ഇവിടെ ഉണ്ടാകാറുണ്ട്. അതെല്ലാം കേരളത്തിന് പുറത്തും ചര്‍ച്ചയാകുന്നുണ്ട്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകള്‍ അതിന്റെ ഉദാഹരണമാണ്.

അതുപോലെ ഇവിടെയുള്ള ഓഡിയന്‍സും വ്യത്യസ്തരാണ്. തമിഴ് സിനിമകള്‍ ആന്ധ്രയിലോ നോര്‍ത്ത് ഇന്ത്യയിലോ റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ തെലുങ്കിലും ഹിന്ദിയിലും ഡബ്ബ് ചെയ്തിട്ടേ റിലീസ് ചെയ്യാന്‍ പറ്റുള്ളൂ. എന്നാല്‍ കേരളത്തിലെ ഓഡിയന്‍സ് തമിഴ് സിനിമ തമിഴില്‍ തന്നെ കാണാന്‍ ശ്രമിക്കുന്നവരാണ്. ഭാഷ ഇവര്‍ക്കൊരു പ്രശ്‌നമല്ലെന്ന് തോന്നിയിട്ടുണ്ട്,’ എസ്.ജെ. സൂര്യ പറഞ്ഞു.

Content Highlight: SJ Suryah about Malayalam cinema and audience in Kerala