national news
വിമതര്‍ ബാലാസാഹെബ് താക്കറെയുടെയോ ശിവസേനയുടെയോ പേര് ഉപയോഗിക്കരുത്; പുതിയ പ്രമേയവുമായി ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 25, 03:03 pm
Saturday, 25th June 2022, 8:33 pm

മുംബൈ: ബാലാസാഹെബ് താക്കറെയുടെ പേരുപറഞ്ഞുള്ള ശിവസേന-ഷിന്‍ഡെ തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ബാലാസാഹെബ് താക്കറെയുടെ പേര് ഉപയോഗിക്കുന്നതിന് വിമത എം.എല്‍.എമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശിവസേന.

ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ഏക് നാഥ് ഷിന്‍ഡെയോ മറ്റ് വിമത എം.എല്‍.എമാരോ ശിവസേനയുടെ പിതാവായ ബാലസാഹെബിന്റെ പേര് ഉപയോഗിക്കരുത് എന്നായിരുന്നു യോഗത്തിലെ തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു. പാര്‍ട്ടിയുടെയോ ബാലാസാഹെബിന്റേയോ പേര് മറ്റൊരു അര്‍ത്ഥത്തില്‍ ആരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

‘ഏക് നാഥ് ഷിന്‍ഡെയുടെ കീഴിലുള്ള എം.എല്‍.എമാരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബാലാസാഹെബ് താക്കറെ രൂപകല്‍പന ചെയ്ത ശിവസേനയുടെ ആശയങ്ങള്‍ക്ക് ദോഷമാണ്. ബാലാസാഹെബ് താക്കറെയുടേയോ ശിവസേനയുടെയോ പേര് ഉപയോഗിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണോ വിമതരുടെ ശ്രമമെന്നതില്‍ സംശയമുണ്ട്,’ ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

ഷിന്‍ഡെയെയും പിന്തുണക്കുന്നവരെയും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും ശിവസേനയുടേയോ ബാലാസാബെഹ് താക്കറെയുടെയോ പേരുകളില്‍ ആര് പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമം നടത്തിയാലും അതിനെ ശിവസേന ശക്തമായി എതിര്‍ക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാരുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായതിന് പിന്നാലെയാണ് നടപടി.

ജൂണ്‍ അവസാനം വരെയായിരിക്കും നിരോധനാജ്ഞയുണ്ടാകുക. പ്രദേശത്തെ ക്രമസമാധാനനില തകരാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Content Highlight: Rebels should not use the name of Balasaheb Thackeray or Shiv Sena; Shiv Sena bring up new resolution