ആദ്യം ഫോമില്ല, പിന്നെ ഒടുക്കത്തെ ഫോം; ബ്രസീലുകാരന്റെ മികവില്‍ റോയല്‍ മാഡ്രിഡ്
Football
ആദ്യം ഫോമില്ല, പിന്നെ ഒടുക്കത്തെ ഫോം; ബ്രസീലുകാരന്റെ മികവില്‍ റോയല്‍ മാഡ്രിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 11:23 am

കോപ്പ ഡെല്‍റേയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അരന്ദിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് തകര്‍ത്തത്.

മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

റയല്‍ മാഡ്രിഡ്രിനായി ഈ സീസണില്‍ 11 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ബ്രസീലിയന്‍ താരം നേടിയത്. സീസണിന്റെ തുടക്കത്തിലെ ആദ്യ 11 മത്സരങ്ങളില്‍ ഒരു ഗോളും അസിസ്റ്റും മാത്രമാണ് റോഡ്രിഗോക്ക് നേടാന്‍ സാധിച്ചത്.

എന്നാല്‍ പിന്നീടുള്ള 15 മത്സരങ്ങളില്‍ ബ്രസീലിയന്‍ താരത്തിന്റെ മികച്ച പ്രകടനങ്ങളാണ് കാണാന്‍ സാധിച്ചത്. അവസാന 15 മത്സരങ്ങളില്‍ പത്ത് ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് ബ്രസീലിയന്‍ താരം നേടിയത്.

അരന്ദിനയുടെ തട്ടകമായ എല്‍ മോണ്ടെസില്ലോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കൃത്യമായ ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജൊസേലു 54ാം മിനിട്ടില്‍ റയലിന് ലീഡ് സമ്മാനിച്ചു. തൊട്ടടുത്ത മിനിട്ടില്‍ ബ്രാഹിം ഡയസിലൂടെ ലോസ് ബ്ലാങ്കോസ് രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റോഡ്രിഗോയിലൂടെ റയല്‍ മൂന്നാം ഗോള്‍ നേടി.

റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം നാച്ചോയുടെ ഓണ്‍ ഗോളിലൂടെ ആയിരുന്നു ആതിഥേയര്‍ ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ കോപ്പ ഡി എസ്പാനയില്‍ ജനുവരി 11ന് അത്ലറ്റികോ മാഡ്രിഡിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Content Highlight: Real madrid win with Rodrygo great performance.