എംബാപ്പെയല്ല, റയല്‍ മാഡ്രിഡിന്റെ ടോപ് സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് മറ്റൊരു പി.എസ്.ജി താരം
Football
എംബാപ്പെയല്ല, റയല്‍ മാഡ്രിഡിന്റെ ടോപ് സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് മറ്റൊരു പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 4:21 pm

 

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ സ്വപ്‌ന ട്രാന്‍സ്ഫറാണ് പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കുകയെന്നത്. എന്നാല്‍ പി.എസ്.ജിയുമായുള്ള കരാറിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ സീസണിലും എംബാപ്പെയെ സൈന്‍ ചെയ്യിക്കാന്‍ റയല്‍ മാഡ്രിഡിന് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ പി.എസ്.ജിയിലെ തന്നെ മറ്റൊരു താരത്തെ റയല്‍ സ്വന്തമാക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇറ്റാലിയന്‍ താരമായ മാര്‍ക്കോ വെരാട്ടിയാണ് റയല്‍ മാഡ്രിഡിന്റെ ടോപ് സമ്മര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് എന്നാണ് സ്‌പോര്‍ട് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. റയല്‍ മാഡ്രിഡിന് പുറമെ എ.എസ് റോമയും താരത്തിനെ നോട്ടമിട്ട് രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2012ലാണ് വെരാട്ടിയെ പെസ്‌കാര ക്ലബ്ബില്‍ നിന്ന് 12 മില്യണ്‍ യൂറോക്ക് പി.എസ്.ജി സ്വന്തമാക്കിയത്. തുടര്‍ന്ന് 412 മത്സരങ്ങളില്‍ താരം പി.എസ്.ജിക്കായി ബൂട്ടുകെട്ടി. സീസണില്‍ ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ ഒരു അസിസ്റ്റ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പി.എസ്.ജിയിലെ നിലവിലെ അന്തരീക്ഷത്തില്‍ വെരാട്ടി സന്തുഷ്ടനല്ലെന്നാണ് സ്പാനിഷ് മാധ്യമമായ ലെ എക്വിപ് റിപ്പോര്‍ട്ട് ചെയ്തത്.

മാനേജ്മെന്റിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചക്ക് പോലും ആരാധകര്‍ താരങ്ങളോട് ദേഷ്യം പ്രകടിപിക്കുന്നതില്‍ അതൃപ്തിയുണ്ടെന്ന് വെരാട്ടി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജിക്കായി എട്ട് ലീഗ് വണ്‍ ട്രോഫികളടക്കം നിരവധി ടൈറ്റിലുകള്‍ നേടിക്കൊടുക്കുന്നതില്‍ വെരാട്ടി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

2026 വരെ പി.എസ്.ജിയുമായി 30കാരനായ താരത്തിന് കരാര്‍ ഉണ്ടെങ്കിലും ക്ലബ്ബ് വിടാനാണ് വെരാട്ടി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് പുറമെ താരത്തെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടെങ്കിലും ഇറ്റലിയിലേക്ക് മടങ്ങാനാണ് വെരാട്ടി താത്പര്യപ്പെടുന്നതെന്നാണ് ലെ എക്വിപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: Real Madrid wants to sign with Marco Veratti