മയയുടെ പര്യായം മഴ, പയംപൊരിയുടെ ഉച്ചാരണം ഡാബ്സീയോട് മലയാളികൾ പറയേണ്ട
Entertainment
മയയുടെ പര്യായം മഴ, പയംപൊരിയുടെ ഉച്ചാരണം ഡാബ്സീയോട് മലയാളികൾ പറയേണ്ട
നവ്‌നീത് എസ്.
Tuesday, 17th September 2024, 5:56 pm

മയയുടെ പര്യായമാണ് മഴ എന്ന അടിക്കുറിപ്പ് പോസ്റ്ററിന് നൽകി കൊണ്ടാണ് 2015ൽ മുഹ്സിൻ പരാരിയുടെ സംവിധാനത്തിൽ കെ.എൽ. 10 പത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. രസായ്ക്കാരം എന്നെല്ലാം തുടങ്ങുന്ന മലപ്പുറത്തിന്റെ പ്രാദേശിക സ്ലാങ്ങിനെ അത്രയും ആഴത്തിൽ അടിച്ച് വെച്ച സിനിമയായിരുന്നു മൂ. രിയുടെ കെ.എൽ 10 പത്ത്.

സിനിമ ഇറങ്ങി ഒമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ മലപ്പുറം സ്ലാങ്ങിൽ വന്ന് ഇന്ത്യയൊട്ടാക്കെ കയ്യടി നേടുന്ന റാപ്പ് ഗായകനാണ് ഡാബ്സീ. മണവാളൻ തഗ് എന്ന പാട്ടിലൂടെ ആരാധകരെ സ്വന്തമാക്കിയ ഡാബ്സീയുടെ ശരിക്കുമുള്ള പേര് മുഹമ്മദ്‌ ഫാസിൽ എന്നാണ്.

‘മയ പെയ്ത് പുയ വെള്ളം കരകവിഞ്ഞൊയുകുമ്പോൾ’ എന്നപാട്ടിലൂടെ ഒമ്പത് വർഷം മുമ്പ് കെ.എൽ 10 പത്ത് തുടങ്ങുമ്പോൾ ഒരുപക്ഷെ അന്നത്തെ പ്രേക്ഷകർക്ക് അതത്ര പരിചയമുള്ള ഭാഷയായിരിക്കില്ല. എന്നാൽ ഇന്ന് സുഡാനി ഫ്രം നൈജീരിയ, ശേഷം മൈക്കിൾ ഫാത്തിമ, കിസ്മത്ത് തുടങ്ങിയ സിനിമകളിലൂടെയെല്ലാം മലയാള സിനിമ വടക്കോട്ട് പാഞ്ഞു കൊണ്ടിരിക്കുകയാണ്.

ഡാബ്സീ അടക്കമുള്ള ഗായകർ വലിയ ഓളം മലബാർ സ്ലാങ്ങിന് ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. എന്നിട്ടും നേരം പുലരാതെ ഡാബ്സീയെ മലയാളം പഠിപ്പിക്കുന്ന ചിലരെയാണ് ഇപ്പോഴും കാണുന്നത്.


ഏഷ്യാനെറ്റ് ന്യൂസിന് ഡാബ്സീ നൽകിയ അഭിമുഖത്തിൽ ഓട്ടോറിക്ഷയിലൊക്കെ പോവാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡാബ്സീ.
‘ഓട്ടോറിക്ഷയിൽ പോവും, ചായ കുടിക്കും പയംപൊരി തിന്നും. അതാണ് ലക്ഷ്വറിയസെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതി, എന്റെ ഗ്രാമം അതിൽ നിന്നാണ് ഡാബ്സീ എന്ന ഗായകൻ ഉണ്ടാവുന്നത്,’ എന്നായിരുന്നു ഡാബ്സീ ചോദ്യത്തിന് മറുപടി പറഞ്ഞത്.

എന്നാൽ ഡാബ്സീയുടെ മറുപടിക്ക് പിന്നാലെ വരുന്ന കമന്റ്‌ നിറയെ ആ പയംപൊരി പരാമർശത്തെ കുറിച്ചാണ്. പ്രബുദ്ധരായ പല മലയാളികളും ഡാബ്സീയെ വന്ന് മലയാളം പഠിപ്പിക്കുകയാണ്.

ഇവൻ ഏതാണ്, പയംപൊരിയല്ല പഴം പൊരി, ഏതാ ഈ ശവി എന്നിങ്ങനെ നീളുന്നു പലരുടെയും കമന്റുകൾ. ഞങ്ങളൊക്കെ ചായക്കടയിൽ ഗോൾഡ് വാങ്ങാൻ ആണല്ലോ പോവൽ എന്നൊക്കെ കമന്റുകൾ വരുന്നുണ്ട്. ബല്ലാത്ത ജാതി എന്ന തന്റെ പാട്ടിലൂടെ ഡാബ്സീ പറയുന്ന ഒരു വാക്കുണ്ട്, കിട്ട്യാ കെടക്കുജീ കുടംബത്തി..

അതൊരു തരത്തിൽ വിമർശകരോടുള്ള അദ്ദേഹത്തിന്റെ മറുപടിയാവാം. മലബാർ ഭാഷയ്‌ക്ക് പുതിയ ഇടം തുറന്ന് കൊടുത്തത് മുഹ്സിൻ പരാരി തന്നെയാണ്. തല്ലുമാല, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളും ഇപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ ഫുട്ബോൾ പാട്ടായ പന്തൾ chant എന്നിവയെല്ലാം അതിന് ഉദാഹരണമാണ്.

ഇതിൽ പന്തൾ chant എന്ന പാട്ടിൽ ഡാബ്സീയും ഒന്നിച്ചിരുന്നു. ഇല്ലുമിനാറ്റി, വട്ടേപ്പം, ഹബീബി ഡ്രിപ്പ് തുടങ്ങിയ ഈയിടെ മലയാള പാട്ടിനെ ലോകമാകെ വൈറലാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഗായകനാണ് ഡാബ്സീ. മയയുടെ പര്യായമാണ് മഴയെന്ന് പറയുന്ന പോലെ ഡാബ്സീയെ പഴംപൊരി തീറ്റിക്കാൻ ആരും ശ്രമിക്കണ്ട. മൂപ്പര് പയംപൊരിയും തിന്ന് അവിടെ ഇരിക്കട്ടെ.

 

Content Highlight: Reactions Of People About Dabzee’s Malappuram Slang After His  New  Interview

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം