തിരുവനന്തപുരം: ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്സ് എന്ന മത പഠന സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അസ്മിയയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മാതാവ് റഹ്‌മത്ത് ബീവി. മകളെ ഒരു ടീച്ചര്‍ നിരന്തരം ശപിക്കാറുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
അവസാനം ഫോണ്‍ വിളിച്ചപ്പോള്‍ തന്നെ ഒറ്റക്ക് ഒരു മുറിയിലേക്ക് മാറ്റിയെന്നും സുഹൃത്തുക്കളോട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അസ്മിയ പറഞ്ഞതായി റഹ്‌മത്ത് ബീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ലീവ് കഴിഞ്ഞ് മോളെ ഒന്നാം തിയ്യതി അയക്കാന്‍ പറഞ്ഞു. അന്ന് ഭയങ്കര മഴയല്ലേ, അതുകൊണ്ട് മകള്‍ പറഞ്ഞു, ഉമ്മാ നാളെ പോകാമെന്ന്. അങ്ങനെ എല്ലം കഴിഞ്ഞ് സന്തോഷത്തില്‍ പിറ്റേന്ന് പോയി.
മോള് എന്റെ അടുത്ത് ഒരു കാര്യം പറഞ്ഞു, എപ്പോഴും ഒരു ടീച്ചര്‍ എന്നെ നീ നന്നാകില്ലെടീ എന്ന് പറഞ്ഞ് ശപിക്കുന്നു ഉമ്മായെന്ന്. അപ്പോള്‍ ഉസ്താദിന്റെ ഭാര്യ ചോദിച്ചു, അവരുടെ പേര് എന്താണെന്ന്. പക്ഷേ അവള്‍ മുമ്പേ പറഞ്ഞു വെച്ചാലല്ലേ അത് ആരാണെന്ന് നമുക്ക് അറിയാന്‍ പറ്റൂള്ളൂ.
അപ്പോള്‍ അവള്‍ പറഞ്ഞു, ഇന്ന ടീച്ചറാണെന്ന്. എന്നും എന്നെ പ്രാകും, വഴക്ക് പറയുമെന്നും മോള് പറഞ്ഞു. ഉമ്മ ഉസ്താദിന്റെ അടുത്ത് പറഞ്ഞ് അത് ക്ലിയറാക്കൂവെന്നും മോള് പറഞ്ഞിരുന്നു.
അത് ഉസ്താദിന്റെ അടുത്ത് പറഞ്ഞപ്പോള്‍ നീ എന്തിനാണ് ഉമ്മാന്റെ അടുത്ത് പറയാന്‍ പോയതെന്ന് മോളോട് ചോദിച്ചു. നിന്റെ ഉമ്മയാണോ പരിഹരിക്കേണ്ടത്, എന്റെ അടുത്ത് പറയാതിരുന്നത് എന്തുകൊണ്ട് എന്ന് വലിയ ഉസ്താദ് ചോദിച്ചു.
അത് കഴിഞ്ഞ് വെള്ളിയാഴ്ച നല്ലത് പോലെ ഫോണ്‍ വിളിച്ചു. എന്നാല്‍ പിറ്റേ വെള്ളിയാഴ്ച മോള്‍ വിളിച്ചില്ല. ഉസ്താദിനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ നാളെ വിളിക്കുമെന്ന് പറഞ്ഞ് ഉസ്താദ് ഫോണ്‍ കട്ടാക്കി.
ശനിയാഴ്ച കാത്തിരുന്ന് കാത്തിരുന്ന് ഉച്ചയ്ക്ക് രണ്ടരക്ക് മോള് വിളിച്ചു. വിളിച്ചിട്ട് ഭയങ്കര കരച്ചില്‍. സൗണ്ടൊന്നും പുറത്തേക്ക് വരുന്നില്ല. നാളെ വന്ന് എന്നെ കൊണ്ടോകണേ..എന്ന് പറഞ്ഞു.
എന്താണ് മോളെ നീ ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ ഉസ്താദ് എന്നെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടിട്ടിരികുന്നു ഉമ്മ എന്ന് പറഞ്ഞു. എന്നെ ആരുടെയടുത്തും സംസാരിക്കാന്‍ അനുവദിക്കുന്നില്ലയെന്നും പറഞ്ഞു. എന്റെ പൊന്നുമ്മ എന്നെ ഒന്ന് കൊണ്ടുപോകുമോ എന്ന് പറഞ്ഞു.
ഞാന്‍ സ്‌പോട്ടില്‍ തന്നെ എല്ലാവരെയും വിളിച്ചു. മോനെ വിളിച്ച് ഞാന്‍ തിരക്കി പോയി. പോയിട്ട് ഞാന്‍ കാത്തിരിക്കുകയാണ് പക്ഷേ മോളെ കാണുന്നില്ല.
അവിടുന്ന് ഉസ്താദ് പറഞ്ഞു, നിസ്‌കാര ഹാളില്‍ കയറിയാല്‍ അവള്‍ സംസാരമാണ്, അവള്‍ക്ക് ഭയങ്കര ചിരിയും കളിയും തമാശയുമാണ്, അവള്‍ക്ക് വയറ് നിറച്ച് ഞാന്‍ ചീത്ത കൊടുത്തിട്ടുണ്ട്, കൊണ്ടുപോകണമെങ്കില്‍ കൊണ്ടു പോയിക്കോ എന്ന്.
കുറച്ച് കഴിഞ്ഞ നിങ്ങള്‍ തളര്‍ന്ന് വീഴരുത്, അവള്‍ക്ക് നല്ല സുഖമില്ല. ഓട്ടോ വിളിക്കണമെന്ന് രണ്ട് ഉസ്താക്കന്മാര്‍ പറഞ്ഞു. എന്നിട്ട് മോളുടെ ബോഡി തൂക്കി കൊണ്ടു വന്ന് പറയുന്നു മോളെ ആശുപത്രിയില്‍ കൊണ്ടു പോകൂവെന്ന്.
ഞങ്ങള്‍ക്ക് ആശുപത്രി അറിയാമോ? അറിയാകുന്ന ആരെങ്കിലും ഫ്രണ്ടില്‍ കയറണ്ടേ..കയറിയില്ല. പൊന്നുമോളെ കൊണ്ട് നമ്മള്‍ പറഞ്ഞ് ലിംസ് ആശുപത്രിയില്‍ എത്തി, ഞാന്‍ വിചാരിച്ച് മോള് ബോധം കെട്ട് കിടക്കുകയാണെന്ന്. പിന്നെയാണ് അറിയുന്നത് ആത്മഹത്യ ചെയ്തതാണെന്ന്. മോള് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ത്?
അസ്മിയ തൂങ്ങുകയായിരുന്നു എന്ന് എന്നോട് പറഞ്ഞില്ല. ഞാന്‍ അറിഞ്ഞില്ല. അവള്‍ മരിച്ച് കിടന്നപ്പോഴും ബോധം കെട്ട് കിടക്കുകയായിരുന്നുവെന്നാണ് ഞാന്‍ കരുതിയത്.
അവള്‍ ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പൊന്നു മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ത്. എന്റെ പൊന്നു മകള്‍ക്ക് നീതി വേണം. എനിക്ക് പൊന്നു മോളെ താ… വേറെ ഒന്നും എനിക്ക് വേണ്ട,’ റഹ്‌മത്ത് ബീവി പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡുക്കേഷനല്‍ കോംപ്ലക്സ് എന്ന മത പഠന സ്ഥാപനത്തിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ നിന്ന് പഠിക്കുകയായിരുന്നു അസ്മിയ. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാല്‍ മരണത്തില്‍ തുടക്കം മുതലേ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.