Entertainment news
വമ്പന്‍ റിലീസുകളിലും തളരാതെ ആര്‍.ഡി.എക്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 17, 06:14 pm
Sunday, 17th September 2023, 11:44 pm

നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.

ഇപ്പോഴിതാ വമ്പന്‍ റിലീസുകള്‍ക്ക് ശേഷവും മികച്ച പ്രേക്ഷക പിന്തുണയോടെ ആര്‍.ഡി.എക്സ് പ്രദര്‍ശനം തുടരുകയാണ്. ഷാരൂഖ് ചിത്രം ജവാനും, മറ്റ് നിരവധി മലയാള സിനിമകളും റിലീസ് ചെയ്തിട്ടും ആര്‍.ഡി.എക്സ് നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്.

ചിത്രം ഇതിനോടകം വോള്‍ഡ് വൈഡ് കളക്ഷനായി 80 കോടി നേടിക്കഴിഞ്ഞു. ചിത്രം കേരളത്തില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിന്റെ ഓ.ടി.ടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ലിക്‌സ് വന്‍ തുകക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.

Content Highlight: Rdx movie latest collection update