Sports News
'രാഷ്ട്രീയം കലര്‍ന്നില്ലെങ്കില്‍' ഇവന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കാണും; ഇതാ ഇന്ത്യയുടെ 'ഇടംകയ്യന്‍ അശ്വിന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 29, 09:34 am
Thursday, 29th August 2024, 3:04 pm

ഏറെ പാക്ഡ് ആയ ക്രിക്കറ്റ് കലണ്ടറാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. മൂന്ന് ടെസ്റ്റ് പരമ്പരകളടക്കം അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് ഈ വര്‍ഷം കളിക്കാനുള്ളത്. ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ ടെസ്റ്റ് കളിക്കുക.

ഈ പരമ്പരകള്‍ക്ക് ഏറ്റവും മികച്ച സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുക്കുന്നതിനായി ബി.സി.സി.ഐ എല്ലാ താരങ്ങളോടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ്.

ബുച്ചി ബാബു ടൂര്‍ണമെന്റിലെ മത്സരങ്ങളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മുംബൈ തമിഴ്‌നാടിനെ നേരിടുകയാണ്. ശ്രീ രാമകൃഷ്ണ കോളേജ് ഗ്രൗണ്ടാണ് വേദി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ടി.എന്‍.സി.എ ഇലവന്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 379 റണ്‍സാണ് അടിച്ചെടുത്തത്. ഭൂപതി വൈഷ്ണ കുമാര്‍ (146 പന്തില്‍ 86), പ്രദോഷ് രഞ്ജന്‍ പോള്‍ (87 പന്തില്‍ 65), ബാബ ഇന്ദ്രജിത് (115 പന്തില്‍ 61), എസ്. അജിത് റാം (69 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ആദ്യ ഇന്നിങ്‌സില്‍ തമിഴ്‌നാടിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്.

മുംബൈക്കായി ഹിമാന്‍ഷു സിങ് ഫൈഫര്‍ നേടിയപ്പോള്‍ ഷാംസ് മുലാനി മൂന്നും തനുഷ് കോട്ടിയന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍ തുടങ്ങിയ വമ്പന്‍ പേരുകാരും ക്യാപ്റ്റനായി ശ്രേയസ് അയ്യരുമുള്ള മുംബൈ അനായാസം ഈ സ്‌കോര്‍ മറികടന്ന് ലീഡ് നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചത്. എന്നാല്‍ ഇടംകയ്യില്‍ മാജിക് ഒളിപ്പിച്ച് ഒരു ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം അവര്‍ മറന്നു.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ മുംബൈ 63.2 ഓവറില്‍ 156ന് പുറത്തായി. തമിഴ്‌നാടിന്റെ ക്യാപ്റ്റന്‍ കൂടിയായ ആ ഇടംകയ്യന്‍ സ്പിന്നര്‍ അഞ്ച് വിക്കറ്റുമായി തിളങ്ങി.

കഴിഞ്ഞ സീസണില്‍ മുംബൈയെ രഞ്ജി ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുഷീര്‍ ഖാനും, ആഭ്യന്തര ഫോര്‍മാറ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായ സര്‍ഫറാസ് ഖാനും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അടക്കമുള്ള അഞ്ച് താരങ്ങളെ മടക്കിയാണ് രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്ന ടി.എന്‍.സി.എ ക്യാപ്റ്റന്‍ തിളങ്ങിയത്.

മുഷീര്‍ ഖാനെയും ചേട്ടന്‍ സര്‍ഫാറാസ് ഖാനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയപ്പോള്‍ ദിവ്യാന്‍ഷ് സക്‌സേന, ശ്രേയസ് അയ്യര്‍, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവരെ ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിച്ചും സായ് കിഷോര്‍ പുറത്താക്കി.

13.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ നേടിയത്.

സായ് കിഷോറിന് പുറമെ ലക്ഷയ് ജെയ്‌നും എസ്. അജിത് റാമും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ലക്ഷയ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റ് അജിത് റാം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

199 പന്ത് നേരിട്ട് 70 റണ്‍സ് നേടിയ ദിവ്യാന്‍ഷ് സക്‌സേനയാണ് മുംബൈ നിരയില്‍ ചെറുത്തുനിന്നത്. 38 പന്തില്‍ 30 റണ്‍സ് നേടിയ സൂര്യകുമാറാണ് രണ്ടാമത് മികച്ച റണ്‍ വേട്ടക്കാരന്‍.

223 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച തമിഴ്‌നാടിനായി ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. എസ്. ലോകേശ്വര്‍ 126 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ 113 പന്തില്‍ 57 റണ്‍സാണ് അതിഷ് എസ്. ആര്‍ നേടിയത്.

നിലവില്‍ 59 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 205ന് നാല് എന്ന നിലയിലാണ് തമിഴ്‌നാട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നത്. 31 പന്തില്‍ 18 റണ്‍സുമായി ബാബ ഇന്ദ്രജിത്തും 21 പന്തില്‍ 12 റണ്‍സുമായി മോകിത് ഹരിഹരനുമാണ് ക്രീസില്‍.

 

Content highlight: Ravisrinivasan Sai Kishore’s brilliant bowling performance in Buchi Babu trophy against Mumbai