വിദേശത്ത് അവന്‍ മികച്ച ബാറ്റിങ് ഓള്‍റൗണ്ടറാണ്; പ്രസ്താവനയുമായി രവി ശാസ്ത്രി
Sports News
വിദേശത്ത് അവന്‍ മികച്ച ബാറ്റിങ് ഓള്‍റൗണ്ടറാണ്; പ്രസ്താവനയുമായി രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th December 2024, 8:02 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്.

ഇന്ത്യന്‍ നിരയെ അടി മുടി തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും (139 പന്തില്‍ 84) ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും (123 പന്തില്‍ 77) ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മിന്നും പ്രകടനമാണ് ഇരുവരും നടത്തിയത്.

ഏഴാമനായി അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയ ജഡേജ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ജഡേജയ്ക്ക് പകരമായി ആര്‍. അശ്വിനും വാഷിങ്ടണ്‍ സുന്ദറും ഇറങ്ങിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും മികച്ച ഓള്‍ റൗണ്ട് പ്രകടനം നടകത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ജഡേജയെ കളത്തിലിറക്കുകയായിരുന്നു.

ഇതോടെ ടെയ്‌ലെന്റ് ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ താരത്തെ പ്രശംസിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷാ ഭോഗ്ലെയും മുന്‍ പരിശീലകന്‍ രവിശാസ്ത്രിയും.

‘ഇക്കാലത്ത് അദ്ദേഹം ഒരു ബാറ്റിങ് ഓള്‍റൗണ്ടറാണ്, അതുകൊണ്ടാണ് മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നിരവധി മികച്ച ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്,’ ഹര്‍ഷാ ഭോഗ്ലെ പറഞ്ഞു.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ജഡേജ ബാറ്റിങ് ഓള്‍ റൗണ്ടറെന്ന് കമന്റേറ്റിങ്ങില്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തിരുത്തി പറഞ്ഞു.

‘അവന്‍ വിദേശ രാജ്യങ്ങളിലെ മികച്ച ബാറ്റിങ് ഓള്‍റൗണ്ടറാണ്, എന്നാല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കുമ്പോള്‍ കൈയില്‍ ഒരു പന്ത് ഉണ്ടായിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഇന്ത്യയില്‍ പന്തില്‍ നിന്ന് അവനെ അകറ്റി നിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ രവി ശാസ്ത്രി പറഞ്ഞു.

Content Highlight: Ravi Shastri And Harsha Bhogle Talking About Ravindra Jadeja