അവന്‍ ഷഹീന്‍ മാത്രമാണ്, വസീം അക്രമല്ല, സത്യം അംഗീകരിക്കാന്‍ പഠിക്കണം; ഷഹീന് നല്‍കുന്ന ഹൈപ്പിനെതിരെ ഇന്ത്യന്‍ ഇതിഹാസം
പാകിസ്ഥാന്റെ പേസ് ബൗളിങ് യൂണിറ്റിനെയാണ് എതിരാളികള്‍ ഏറ്റവുമധികം ഭയപ്പെടുന്നത്. ഏത് ടീമിന്റെയും ബാറ്റിങ് നിരയെയും നശിപ്പിക്കാന്‍ പോന്ന കരുത്തുള്ളവരാണ് പാകിസ്ഥാന്റെ പേസ് ട്രയോ.
സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിയാണ് പാകിസ്ഥാന്റെ പേസ് യൂണിറ്റിനെ നയിക്കുന്നത്. മികച്ച ഫോമില്‍ തുടരുന്ന സമയം അവന്റെ മുമ്പില്‍ നില്‍ക്കുന്നത് എത്രത്തോളം മികച്ച ബാറ്ററാണെങ്കിലും വെല്‍ ബാലന്‍സ്ഡ് ടീമാണെങ്കിലും ഷഹീനെതിരെ റണ്‍സ് നേടാന്‍ അവര്‍ക്ക് സാധിക്കില്ല.
എന്നാല്‍ ഷഹീന്‍ ഷാ അഫ്രിദിക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കുകയാണന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇതിഹാസ താരവും മുന്‍ കോച്ചും കമന്റേറ്ററുമായ രവി ശാസ്ത്രിക്കുള്ളത്.
ഷഹീന്‍ വസീം അക്രം അല്ലെന്നും ന്യൂ ബോളില്‍ മികച്ച പ്രകടനം നടത്തുന്നതല്ലാതെ പ്രത്യേകിച്ച് ഒന്നും തന്നെ ഷഹീനിലില്ലെന്നുമാണ് ശാസ്ത്രി പറഞ്ഞത്. ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
‘ഷഹീന്‍ അഫ്രിദി ഒരിക്കലും വസീം അക്രമാകുന്നില്ല. ന്യൂ ബോളില്‍ അവന്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അല്ലാതെ മറ്റൊരു പ്രത്യേകതയും അവനില്ല. അവന്‍ അത്രത്തോളം വലിയവനൊന്നുമല്ല. നിങ്ങള്‍ സത്യം അംഗീകരിക്കണം,’ ശാസ്ത്രി പറഞ്ഞു.
2023 ലോകകപ്പില്‍ മൂന്ന് മത്സരത്തില്‍ നിന്നും നാല് വിക്കറ്റാണ് പാകിസ്ഥാന്റെ പേസ് സ്പിയര്‍ ഹെഡ് സ്വന്തമാക്കിയത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. ആറ് എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ ഷഹീന്‍ രോഹിത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയുമാണ് പുറത്താക്കിയത്.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഏഴ് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഷഹീന്‍ ശ്രീലങ്കക്കെതിരെ ഒമ്പത് ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമാണ് നേടിയത്.
തന്റെ പേരിനും പെരുമക്കും ഒത്ത പ്രകടനമല്ല ഷഹീന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വരും മത്സരത്തില്‍ താരം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്നും വിക്കറ്റുകള്‍ വീഴ്ത്തി പാക് നിരയില്‍ നിര്‍ണായകമാകുമെനന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ആണ് പാകിസ്ഥാന്റെ എതിരാളികള്‍.
Content Highlight: Ravi Shahsthri criticize Shaheen Afridi