Film News
ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടില്ല: സംവിധായകൻ രതീഷ് രഘുനന്ദൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 07, 02:58 pm
Thursday, 7th March 2024, 8:28 pm

ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ. താൻ സിനിമ എഴുതുമ്പോഴും റിലീസ് ആകാൻ ഒരുങ്ങുമ്പോഴുമെല്ലാം ഷൈനി പ്രതിനിധീകരിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്ന് ആളുകളെ അറിയിക്കണമെന്നാണ് കരുതിയതെന്ന് രതീഷ് പറഞ്ഞു. വാണിജ്യ സാധ്യതകൾക്ക് അപ്പുറം ഷൈനിയെ മുൻനിർത്തി സിനിമ ചർച്ച ചെയ്യപ്പെടണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും രതീഷ് സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടില്ല. അത് ഞാൻ സിനിമ എഴുതുമ്പോഴും, സിനിമ ചെയ്തുകൊണ്ടിരുന്നപ്പോഴും, റിലീസ് ആകാൻ ഒരുങ്ങുമ്പോഴുമെല്ലാം ഞാൻ കരുതിയിരുന്നത് ഇതിന്റെ വാണിജ്യ സാധ്യതകൾക്കപ്പുറം ഷൈനി പ്രതിനിധീകരിക്കുന്ന ഒരു വലിയ വിഭാഗം സ്ത്രീകൾ ഉണ്ടെന്ന് ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.

ഈ സെക്സിന്റെയും വയലൻസിന്റെയും കാര്യത്തിൽ മാത്രമല്ല. ഒരു വ്യക്തി എന്ന നിലയിൽ അവരുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും സംതൃപ്തിക്ക് അനുസരിച്ച് സ്പേസ് കണ്ടെത്താനാകാതെ പോകുന്ന ധാരാളം സ്ത്രീകളുണ്ട്. അവരിൽ ഒരാളാണ് ഷൈനി,’ രതീഷ് രഘുനന്ദൻ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന് റിലീസ് സമയത്ത് വലിയ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്. മൂവരും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. കുട്ടിച്ചായനായി ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായി ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

രതീഷ് രഘുനന്ദനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയേറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്‌ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രവീണും ബൈജു ഗോപാലനുമാണ് ഉടലിന്റെ സഹനിര്‍മാതാക്കള്‍. ജനുവരി അഞ്ചിന് ചിത്രം സൈന പ്ലസ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനം തുടങ്ങിയിട്ടുണ്ട്.

Content Highlight: Ratheesh about udal movie did not discussed on the basis of shiny