സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാവുന്ന ‘പുഴു’. പുതുമുഖ സംവിധായിക റത്തീനയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്. പാര്‍വതി തിരുവോത്താണ് പുഴുവിലെ നായിക.
മമ്മൂക്കയുടെ അഭിനയം കണ്ട് ഞെട്ടി പോയിട്ടുണ്ടെന്നും, താന്‍ കട്ട് പറയാതെ മമ്മൂക്കയുടെ അഭിനയം നോക്കി നില്‍ക്കാറുണ്ടെന്നും പറയുകയാണ് റത്തീന.
”ഞാനും തിരക്കഥാകൃത്ത് ഹര്‍ഷാദിക്കയും ചില സമയത്ത് മമ്മൂക്കയുടെ അഭിനയം കണ്ട് ഞെട്ടി പോകാറുണ്ട്. കാരണം, നമ്മള്‍ വിചാരിച്ചതിന്റെയും ആഴത്തിലുള്ള സാധനങ്ങളായിരുക്കും മമ്മൂക്ക തരുന്നത്. അത് ആ ആളുടെ പെരുമാറ്റം മുതല്‍ അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങുന്ന രീതി തൊട്ട് ഇരിക്കുന്ന രീതി വരെ മികച്ചതാണ്.
ഒരു കഥാപാത്രം എങ്ങനെയായിരിക്കണം എന്ന് മമ്മൂക്കയ്ക്ക് കൃത്യമായി അറിയാം. അത്രയും കാലത്തെ അനുഭവം പുള്ളിയ്ക്കുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്. ഒരു പുതിയ സംവിധായിക എന്ന നിലയില്‍ ഞാന്‍ വിചാരിക്കുന്നതിലും അപ്പുറത്തേക്ക് കിട്ടുമ്പോഴുണ്ടാവുന്ന ഒരു സന്തോഷം ശരിക്കും വലുതാണ്.
മമ്മൂക്ക അഭിനയിക്കുമ്പോള്‍ ചില സമയത്തൊക്കെ ഞാന്‍ കട്ട് പറയാറില്ല. ആ സീന്‍ അങ്ങനെ കുറച്ച് നീണ്ട് പോകും. കാരണം ഇപ്പോള്‍ അസാധാരണമായ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണത്. കട്ട് പറയാത്തത് കണ്ടാല്‍ മമ്മൂക്ക എന്നെ നോക്കും. ഉടനെ ഞാന്‍ അയ്യോ കട്ട് എന്ന് പറയും. കട്ട് പറയുന്ന കൂട്ടത്തില്‍ എന്റെ അയ്യോ എന്ന് കൂടി കേള്‍ക്കാം,” റത്തീന പറഞ്ഞു.
സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും ചെയ്തത്. ഷറഫ്, സുഹാസ്, ഹര്‍ഷാദ് എന്നിവന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. വസ്ത്രാലങ്കാരം സമീറാ സനീഷ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മെയ് 13നാണ് പുഴു സോണി ലിവിലൂടെ റിലീസ് ചെയ്യുന്നത്.
Content Highlight: Ratheena says that she watches Mammootty’s performance without saying a word