‘ഒറ്റ’ യെന്ന പുതിയ സിനിമയിലൂടെ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ റസൂൽ പൂക്കുട്ടി പറയുന്നത്, പഠനം കഴിഞ്ഞ ഉടനെ തന്നെ താൻ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാണ്. കാലങ്ങൾക്കിപ്പുറം മലയാള സിനിമയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ചും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തു കൊണ്ട് ഞാൻ ഈ നിലയിലേക്ക് എത്തിയില്ലേ. പക്ഷെ ഉള്ളിന്റെ ഉള്ളിൽ എന്നും ഒരു ഫിലിം മേക്കർ ഉണ്ട്. പഠിത്തം കഴിഞ്ഞിറങ്ങിയ ഉടനെ തന്നെ ഞാനൊരു സിനിമ ചെയ്യാനായി പുറപ്പെട്ടിരുന്നു. മമ്മൂക്കയെ ആയിരുന്നു നായകനായി വിചാരിച്ചത്.
ഗോവർധന്റെ യാത്രകൾ എന്ന പുസ്‌തകം വായിച്ചപ്പോൾ അതൊരു സിനിമയാക്കണമെന്ന ആഗ്രഹം തോന്നി 2000 ത്തിൽ ഞാൻ മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് ഏറ്റിരുന്നു. എന്നാൽ അപ്പോൾ എന്റെ ഉമ്മയും ഉപ്പയും മരിക്കുകയും എന്റെ കരിയറിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. എനിക്ക് ഒരസുഖം വന്നു. പിന്നീട് എന്റെ ജീവിതം വ്യത്യസ്ത വഴിയിലൂടെ യാത്രയായി.
പിന്നീട് ബ്ലാക്ക് എന്ന സിനിമ സംഭവിച്ചു. അത് എന്റെ കരിയറിനെ ഒരുപാട് സഹായിച്ചു. എനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നെ ഞാൻ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ആരും കേൾക്കാത്ത ശബ്‌ദം ഉണ്ടാക്കുകയായിരുന്നു. ഇന്ന് ഒരുപാട് സിനിമകളിൽ സിങ്ക് സൗണ്ട് ചെയ്യുന്നുണ്ട്. മലയാളത്തിലും ഒരുപാട് പേരുണ്ട്. കുറെയേറെ യുവാക്കൾ ഈ ഫീൽഡിലേക്ക് വരുകയുണ്ടായി.
ഇന്ന് തിരഞ്ഞു നോക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ ഗോൾഡൻ പീരിയഡാണിപ്പോൾ. ഞാൻ പഠിച്ചിറങ്ങുമ്പോൾ മലയാള സിനിമകൾ തട്ടു പൊളിപ്പൻ സിനിമകൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അന്ന് നമുക്കൊന്നും അവകാശപ്പെടാൻ ഇല്ലായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ മൊത്തം ഉറ്റു നോക്കുന്നത് മലയാള സിനിമകളെയാണ്.
ഒരു ഇറാനിയൻ സിനിമയുടെ സ്റ്റാറ്റസിലേക്ക് മലയാളം ഉയർന്നു വന്നിട്ടുണ്ട്. അതിന് കാരണം പുതിയ തലമുറയാണ്. അവർ കൊണ്ടുവന്ന പുതിയ കഥനമാവാം കാരണം. 2009ൽ എനിക്കും റഹ്മാനും കിട്ടിയ ഓസ്കാറും ലോക ശ്രദ്ധയുമെല്ലാം അതിന് കാരണമായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ,’ റസൂൽ പൂക്കുട്ടി പറയുന്നു.
Content Highlight: Rasool Pookutty Talk About A Dropped Film With Mammootty