‘ഒറ്റ’ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ തൊപ്പി ധരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. സ്വന്തം നിര്‍മാണ കമ്പനിയുടെ ബാനറില്‍ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് അദ്ദേഹം. ‘മുസാഫിര്‍’ എന്ന ഹിന്ദി ചിത്രത്തിലൂടെ സൗണ്ട് ഡിസൈനറായി സിനിമാ രംഗത്തേക്ക് വന്ന റസൂല്‍ പൂക്കുട്ടി ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സിനിമകള്‍ക്ക് ശബ്ദ മിശ്രണം നിര്‍വഹിച്ചിട്ടുണ്ട്.
താന്‍ ആദ്യമായി ഒരു മലയാളം സിനിമ സംവിധാനം ചെയ്യുന്നതിനെ പറ്റി മനസ് തുറക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളത്തില്‍ തന്നെ ആദ്യം സംവിധാനം ചെയ്യാനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മഞ്ജു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഹിന്ദി സിനിമയും ഇംഗ്ലീഷ് സിനിമയുമൊക്കെ എനിക്ക് സംവിധാനം ചെയ്യാനുണ്ട്. അതൊക്കെ മാറ്റി വച്ചിട്ടാണ് മലയാള സിനിമ ചെയ്യുന്നത്. സിനിമ ഭ്രാന്തില്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് പോവുന്നതൊക്കെ നമ്മള്‍ മലയാള സിനിമ കണ്ടിട്ടല്ലേ. നമുക്ക് നമ്മുടെ ഭാഷയില്‍ ഒരു കാര്യം ചെയ്യാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ അതിലേക്ക് എടുത്ത് ചാടി.
ഒരു മലയാളി എവിടെ പോയാലും ആരൊക്കെയായാലും എന്തൊക്കെയായാലും അവന്റെ അവസാനത്തെ ആഗ്രഹം എന്ന് പറഞ്ഞാല്‍ അത് അവന്റെ വീട്ടില്‍ വന്ന് റിട്ടയര്‍മെന്റിന് ശേഷം അവിടെ വന്ന് താമസിക്കണം അവിടെ ജീവിച്ച് അവിടെ മരിക്കണം, അവിടെ അടക്കണം എന്നുള്ളതാണ്. അത് പോലെ ഒരു മലയാളിയാണ് ഞാനും. എനിക്ക് എത്ര വലിയ ഓഫറുകള്‍ ഉണ്ടായാലും ഒരു മലയാള സിനിമ വന്നാല്‍ ഞാന്‍ ആദ്യം അത് പരിഗണിക്കും, അത് സൗണ്ട് ചെയ്യാന്‍ ആണെങ്കിലും. ആ ഒരു പാഷന്‍ കൊണ്ട് തന്നെയാണ് മലയാളം സിനിമ ചെയ്യാം എന്ന് തീരുമാനിച്ചത്,” റസൂല്‍ പൂക്കുട്ടി പറഞ്ഞു.
”ഒറ്റ എന്ന സിനിമയ്ക്ക് ശേഷം ഉടനെ എന്റെ ഹിന്ദി സിനിമ ഉണ്ടാകും. ഞാന്‍ ആദ്യം ഹിന്ദി സിനിമയാണ് ചെയ്യുന്നത് എന്ന് പറയാത്തത് കൊണ്ട് എന്റെ ബ്രിട്ടീഷ് നിര്‍മാതാവും എഴുത്തുകാരനും കൊളാബറേറ്ററുമാക്കെ എന്നോട് വളരെ ഏറെ അസ്വസ്ഥരാണ്. എന്റെ കരിയറിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സിനിമ ചെയ്യുന്നത് നല്ല നീക്കമാണ്. പക്ഷേ ഞാന്‍ ഒരു സാധാരണ മലയാളിയല്ലേ. എനിക്ക് കൊച്ച് കൊച്ച് ആഗ്രഹങ്ങളാണുള്ളത്.
ഒറ്റ എന്ന സിനിമയില്‍ മലയാളികള്‍ മാത്രമല്ല. സത്യരാജ്, രോഹിണി, ഹിന്ദിയില്‍ നിന്ന് നാതുല്‍ ഹുസൈന്‍, ദിവ്യ ദത്ത, വിനീഷ സിംഗ് എന്നിവരൊക്കയുണ്ട്. മലയാളത്തില്‍ നിന്ന് ആസിഫ്, അര്‍ജുന്‍ അശോകന്‍, ശോഭന. സിനിമയുടെ കഥ അങ്ങനെയായത് കൊണ്ടാണ് പല ഇന്റസ്ട്രികളില്‍ നിന്നും അഭിനേതാക്കളെ തെരഞ്ഞെടുത്തത്. ഇത് ഒരു പാന്‍ ഇന്ത്യ സിനിമയാണ്,” റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Content Highlight: rasool pookutty about his malayalam movie