തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെക്കുറിച്ച് വിവരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍.
ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയെക്കുറിച്ച് വിവരമില്ലെന്ന് പാര്‍ട്ടിയുടെ ഉന്നതനേതാവ് പറയുന്നത് ഗൗരവമുള്ള കാര്യമാണെന്നും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത് നന്നാവുമെന്നും രശ്മിത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ച ഒരു ജനപ്രതിനിധിയെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണ്! ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്ത ആണിത്. പ്രിയ ജനപ്രതിനിധിക്ക് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന് ആശങ്ക തോന്നിയാലും സ്വാഭാവികം(അദ്ദേഹത്തിന് നന്മ മാത്രം സംഭവിക്കട്ടെ ! ഭൂമിയില്‍ സന്മനസ് ഉള്ളവര്‍ക്ക് സമാധാനം!)
പണ്ട് കശ്മീരില്‍ യൂസുഫ് തരിഗാമി എന്ന സി.പി.ഐ.എമ്മി ന്റെ പ്രിയപ്പെട്ട എം.എല്‍.എ രാഷ്ട്രീയ കാരണങ്ങളാല്‍ തടങ്കലിലായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറം ലോകത്തിന് ലഭിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് സ്വന്തം എം.എല്‍.എയെ കാണാന്‍ പോയിരുന്നു. അനുകരിക്കാന്‍ പറ്റുന്ന മാതൃക തന്നെയാണ് ഇത്,’ രശ്മിത രാമചന്ദ്രന്‍ എഴുതി.