Sports News
ഫിറ്റ്‌നസ് ഇല്ലാത്ത ഒരുപാട് താരങ്ങള്‍ മികച്ച ക്യാപ്റ്റനായിട്ടുണ്ട്; ഗംഭീറിനെയും അഗാക്കറിനെയും വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 25, 05:43 am
Thursday, 25th July 2024, 11:13 am

ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

രണ്ട് ഫോര്‍മാറ്റിലുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ ഹര്‍ദിക്കിന് പകരം സൂര്യകുമാറിനെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മാനേജ്‌മെന്റ് കൊണ്ടുവന്നത്.

പര്യടനത്തിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ടര്‍ അജിത് അഗാക്കറും സൂര്യയെ ന്യായീകരിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ഡ്രസ്സിങ് റൂമില്‍ നിന്നും സൂര്യയ്ക്ക് നല്ല ഫീഡ് ബാക്ക് ഉണ്ടായിരുന്നെന്നും ഹര്‍ദിക്കിന്റെ പരിക്കില്‍ ആശങ്കയുണ്ടെന്നുമാണ് ഇരുവരും പറഞ്ഞത്.

ഇപ്പോള്‍ അഗാക്കറിനെയും ഗംഭീറിനെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഹര്‍ദിക്കിന്റെ പരിക്കില്‍ ആശങ്കയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാത്തത് എന്നാണ് താരം പറഞ്ഞത്.

‘അയാളുട ഫിറ്റ്‌നസില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അവന് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണം, ഫിറ്റ്‌നസില്ലെങ്കിലും മികച്ച ക്യാപ്റ്റന്‍മാരായി മാറിയ ധാരാളം കളിക്കാര്‍ ഉണ്ട്. അതിനാല്‍, എനിക്ക് തോന്നിയത് ഇത് ഹര്‍ദിക്കിനെ ഒഴിവാക്കാനുള്ള ഒരു കാരണം മാത്രമാണെന്നാണ്. സൂര്യ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ റിഷബ് പന്തിനെ നോക്കുമായിരുന്നു,’ റാഷിദ് ലത്തീഫ് പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്തെ ചൊല്ലി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്തും ഇതേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Content Highlight: Rashid Latif Criticize Ajit Agakkar And Gautham Gambhir