Advertisement
Kerala News
സിറോ മലബാര്‍ സഭയുടെ നാലാം അധ്യക്ഷനായി റാഫേല്‍ തട്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 10, 12:36 pm
Wednesday, 10th January 2024, 6:06 pm

തൃശൂര്‍: സിറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനായി റാഫേല്‍ തട്ടില്‍. സഭയുടെ നാലാമത്തെ അധ്യക്ഷന്‍ കൂടിയാണ് റാഫേല്‍ തട്ടില്‍. 12 വര്‍ഷത്തെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സേവനത്തിന് ശേഷമാണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ റാഫേല്‍ തട്ടില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

തൃശൂര്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാനായിരുന്നു റാഫേല്‍ തട്ടില്‍. നിലവില്‍ തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ബിഷപ്പായാണ് റാഫേല്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ ബസിലിക്ക ഇടവകാംഗം കൂടിയാണ് ഇദ്ദേഹം.

പുതിയ പദവി ദൈവനിയോഗമാണെന്നും ഭാവിയിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സ്‌നേഹവും സഹകരണവും ആവശ്യമാണെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട റാഫേല്‍ തട്ടില്‍ പറഞ്ഞു.

എല്ലാവരും ഒരുമിച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ അതിന്റെതായ ഗുണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറവുകളുണ്ടങ്കില്‍ അതില്‍ പരിഹാരം കാണുന്ന രീതി സഭക്കിടയില്‍ ഉണ്ടാക്കണമെന്നും റാഫേല്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.

റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണ ചടങ്ങ് വ്യാഴാഴ്ച 2.30ന് മൗണ്ട് സെന്റ് തോമസില്‍ നടക്കുമെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. സഭ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ആദ്യം റാഫേല്‍ തട്ടിലിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലായിലെ എപ്പാര്‍ക്കി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെയാണ് വോട്ടിങ്ങിലൂടെ സഭാംഗങ്ങൾ തെരഞ്ഞെടുത്തത്. എന്നാല്‍ അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം തന്നെ സഭാ നേതൃത്വത്തെ അറിയിക്കുകയായിരിന്നു. തുടര്‍ന്നാണ് ഔദ്യോഗികമായി റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനായി പ്രഖ്യാപിക്കുന്നത്.

Content Highlight: Raphael Thattil became the fourth president of the Syro-Malabar Church