കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിക്ക് മരണം വരെ തടവും 1.6 ലക്ഷം രൂപ പിഴയും.
കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്‌സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്.
കുട്ടി നേരിട്ട മാനസികാഘാതത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ഒരു ലക്ഷം രൂപ നഷ്ടം നല്‍കണമെന്നും വിധിയിലുണ്ട്. പ്രതി പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
16 വയസ്സുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച പ്രതി കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മേയ് ഒന്നിന് കുട്ടി ബാത്‌റൂമില്‍ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്.
അന്ന് ആശുപത്രിയില്‍ നിന്ന് ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
പ്രതിക്കെതിരെ സമാനമായ കേസ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലും നിലവിലുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാം ദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അടക്കം 52 സാക്ഷികളെ വിസ്തരിച്ചിരുന്നു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാറാണ് കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.