ആടു ജീവിതം താൻ ഭയങ്കര മിസ് ചെയ്ത സിനിമയാണെന്ന് സൂര്യ പറഞ്ഞു: രഞ്ജിത്ത് അമ്പാടി
Film News
ആടു ജീവിതം താൻ ഭയങ്കര മിസ് ചെയ്ത സിനിമയാണെന്ന് സൂര്യ പറഞ്ഞു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 5:22 pm

സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ. 1600 വർഷം മുൻപത്തെ കഥയാണ് സിനിമയുടേത്. വർഷങ്ങൾക്ക പ്പുറമുള്ള കഥ പറയുന്ന സിനിമയിലെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ കഴിവ് വലുതാണ്. ആടു ജീവിതത്തിൽ വർക്ക് ചെയ്തതുകൊണ്ട് കങ്കുവയിലേക്ക് എത്തിപ്പെട്ടതാണ് മലയാളിയായ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.

ലൊക്കേഷനിൽ വെച്ച് സൂര്യ തന്നെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രഞ്ജിത്ത് അമ്പാടി. തന്നെ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയതിന് ശേഷം താൻ വർക്ക് ചെയ്ത സിനിമ ഏതാണെന്ന് ചോദിച്ചെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ആടു ജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ബൈ പറഞ്ഞ് പോയ സൂര്യ തിരിച്ചു വന്ന് കൈ തന്നതിന് ശേഷം ‘ഞാൻ ഭയങ്കര മിസ്സ് ചെയ്ത സിനിമയാണ്, നമ്മൾ ഇല്ലല്ലോ’ എന്ന് പറഞ്ഞെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സൂര്യ സാർ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നതിന്റെ ഒരു രണ്ടുദിവസം മുൻപാണ് ആടു ജീവിതത്തിന്റെ ട്രെയ്ലർ അമേരിക്കൻ മാഗസിനിൽ റിലീസ് ആവുന്നത്. അത് പുള്ളി കണ്ടിട്ടുണ്ട്. കണ്ടു കഴിഞ്ഞിട്ട് ആദ്യ ദിവസം ഞാൻ സൂര്യ സാറുമായി പരിചയപ്പെടുകയാണ്. ഓൾറെഡി ആ പടത്തിലെ എല്ലാവരുടെയും ലുക്കും കാര്യങ്ങളും സീനുകളുമെല്ലാം കണ്ടിട്ടാണ് പുള്ളി വരുന്നത്.

ഞാൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ പുള്ളി ഭയങ്കര സന്തോഷത്തിൽ കൈ ഒക്കെ തന്നു. വേറെ ഏതെങ്കിലും പടങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ആടുജീവിതം കഴിഞ്ഞതേയുള്ളൂ എന്ന് പറഞ്ഞപ്പോൾ ബൈ പറഞ്ഞു പോകുന്ന ആൾ വീണ്ടും വന്നിട്ട് ഷേക്ക് ഹാൻഡ് തന്നിട്ട് ‘ഞാൻ ഭയങ്കര മിസ്സ് ചെയ്ത സിനിമയാണ്, നമ്മൾ ഇല്ലല്ലോ’ എന്ന വിഷമവും പറഞ്ഞു,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തെ ശിവയാണ്. രജിനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജിനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

Content Highlight: Ranjith Ambadi said that Suriya had said that AaduJeevitham was a movie he missed terribly