അപൂര്‍വങ്ങളില്‍ അപൂര്‍വം; പത്താമനും പതിനൊന്നാമനും സെഞ്ച്വറി; കസറി ധോണിയുടെ ചരിത്രപുരുഷന്‍
Sports News
അപൂര്‍വങ്ങളില്‍ അപൂര്‍വം; പത്താമനും പതിനൊന്നാമനും സെഞ്ച്വറി; കസറി ധോണിയുടെ ചരിത്രപുരുഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th February 2024, 1:17 pm

രഞ്ജി ട്രോഫിയില്‍ ബറോഡക്കെതിരെ സെഞ്ച്വറി നേടി മുംബൈയുടെ വാലറ്റക്കാര്‍. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് മുംബൈയുടെ പത്താം നമ്പര്‍ ബാറ്റര്‍ തനുഷ് കോട്ടിയനും 11ാം നമ്പറില്‍ കളത്തിലിറങ്ങിയ തുഷാര്‍ ദേശ്പാണ്ഡേയും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ മുംബൈയുടെ രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇരുവരും സെഞ്ച്വറി നേടിയത്. ഇവര്‍ക്ക് പുറമെ ഓപ്പണര്‍ ഹര്‍ദിക് താമോറെയാണ് മുംബൈ നിരയില്‍ മൂന്നക്കം കണ്ട മറ്റൊരു താരം.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്‌സില്‍ മുഷീര്‍ ഖാന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ 384 റണ്‍സ് നേടി. 357 പന്ത് നേരിട്ട് 203 റണ്‍സാണ് മുഷീര്‍ സ്വന്തമാക്കിയത്.

 

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബറോഡ 348ന് പുറത്തായി.

36 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈക്ക് തുടക്കത്തിലേ പാളി. ഭൂപന്‍ ലാല്‍വാനി ആറ് റണ്‍സിനും മോഹിത് അവസ്തി നാല് റണ്ണിനും തിരികെ നടന്നു. ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ നെടുംതൂണായ മുഷീര്‍ ഖാന്‍ 25 പന്തില്‍ 33 റണ്‍സും നേടി പുറത്തായി.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പൂജ്യത്തിന് പുറത്തായപ്പോള്‍ ഓപ്പണര്‍ ഹര്‍ദിക് താമോറെ 114 റണ്‍സും പൃഥ്വി ഷാ 87 റണ്‍സും ഷാംസ് മുലാനി 54 റണ്‍സും നേടി. സൂര്യാന്‍ഷ് ഷെഡ്‌ഗെക്കും ഷര്‍ദുല്‍ താക്കൂറിനും കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ മുംബൈ 337ന് ഒമ്പത് എന്ന നിലയിലേക്ക് വീണു.

തനുഷ് കോട്ടിയനൊപ്പം അവസാനക്കാരനായ തുഷാര്‍ ദേശ്പാണ്ഡേ ക്രീസിലെത്തിയപ്പോള്‍ മുംബൈ ആരാധകര്‍ക്ക് പോലും കാര്യമായ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 232 റണ്‍സിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് എം.സി.എയില്‍ പിറന്നത്.

തനുഷ് കോട്ടിയന്‍ 129 പന്ത് നേരിട്ട് പത്ത് ബൗണ്ടറിയും നാല് സിക്‌സറും അടക്കം 120 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

129 പന്തില്‍ നിന്നും എട്ട് സിക്‌സറും പത്ത് ബൗണ്ടറിയുമടക്കം 123 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ തുഷാര്‍ ദേശ്പാണ്ഡേ സ്വന്തമാക്കിയത്. 95.35 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയര്‍ ബറോഡക്കെതിരെ സ്‌കോര്‍ ചെയ്തത്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇരുവരുടെയും ആദ്യ സെഞ്ച്വറിയാണിത്. ഉയര്‍ന്ന സ്‌കോറും ഇതുതന്നെ.

ഇരുവരുടെയും സെഞ്ച്വറി കരുത്തില്‍ 569 റണ്‍സാണ് മുംബൈ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.

 

രണ്ടാം ഇന്നിങ്‌സില്‍ 606 റണ്‍സിന്റെ ലീഡുമായി കളത്തിലിറങ്ങിയ ബറോഡക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 16 പന്തില്‍ 24 റണ്‍സ് നേടിയ ജ്യോത്സ്‌നില്‍ സിങ്ങിന്റെ വിക്കറ്റാണ് നഷ്ടമായത്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 34ന് ഒന്ന് എന്ന നിലയിലാണ് ബറോഡ.

സ്‌കോര്‍ (ബറോഡയുടെ രണ്ടാം ഇന്നിങ്‌സ് അഞ്ച് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍)

മുംബൈ – 384 & 569

ബറോഡ (T: 606) – 348 & 34/1

 

Content highlight: Ranji Trophy, Tanush Kotian and Tushar Deshpande scored century against Baroda