രഞ്ജി ട്രോഫിയിലെ ആദ്യ മത്സത്തില്‍ കേരളത്തിന് ഗംഭീര തുടക്കം. സ്വന്തം തട്ടകമായ തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബാണ് എതിരാളികള്‍. സഞ്ജു സാംസണിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. എലീറ്റ് ഗ്രൂപ്പ് സി-യിലാണ് ഇരുവരുമുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ പഞ്ചാബിന് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ അഭയ് ചൗധരി തിരിച്ചുനടന്നു. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ കേരളം പഞ്ചാബിന്റെ വിക്കറ്റുകള്‍ പിഴുതുകൊണ്ടേയിരുന്നു. സര്‍വാത്തെക്ക് പുറമെ ജലജ് സക്‌സേനയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ പഞ്ചാബിന്റെ നില കൂടുതല്‍ പരുങ്ങലിലായി.
നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 70 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് പഞ്ചാബ്. 27 പന്തില്‍ ഒരു റണ്ണുമായി ക്രിഷ് ഭഗത്തും 11 പന്തില്‍ എട്ട് റണ്‍സുമായി രമണ്‍ദീപ് സിങ്ങുമാണ് ക്രീസില്‍.
ചൗധരിക്ക് പുറമെ നമന്‍ ധിര്‍ (12 പന്തില്‍ പത്ത്), അന്‍മോല്‍പ്രീത് സിങ് (55 പന്തില്‍ 28), ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിങ് (33 പന്തില്‍ 12), നേഹല്‍ വധേര (37 പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.
ഇതുവരെ ആദിത്യ സര്‍വാതെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്‌സേന രണ്ട് വിക്കറ്റും സ്വന്തമാക്കി.
സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങിയത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 സ്‌ക്വാഡിന്റെ ഭാഗമായതോടെയാണ് താരത്തിന് ആദ്യ മത്സരം നഷ്ടമായത്. എന്നാല്‍ ഒക്ടോബര്‍ 18ന് ആരംഭക്കുന്ന രണ്ടാം മത്സരത്തില്‍ താരം ടീമിലേക്ക് തിരിച്ചെത്തും.