ചുളുവിൽ പണം ഉണ്ടാക്കാനായിരിക്കും സിനിമകൾ ഒ.ടി.ടി ക്ക് നൽകുന്നതെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ്. അങ്ങനെയെങ്കിൽ ചിത്രങ്ങൾ പെട്ടെന്ന് ഷൂട്ട് ചെയ്ത് റിലീസ് ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രാന്തൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈയടുത്ത് എന്റെ കുടുംബം ഒരു സിനിമ കാണാൻ പോയി. നല്ല ചിത്രങ്ങളൊന്നും തിയേറ്ററിൽ ഇല്ല എന്നാണ് അവർ പറയുന്നത്. പക്ഷെ ഈ വർഷം മൂന്നു മാസത്തിനിടയിൽ 75 സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അത്രയും എണ്ണം സിനിമകൾ വന്നിട്ടൊന്നും കാര്യമില്ല. പലരും അത് ഒ.ടി.ടി ക്ക് ഇറക്കാം എന്ന് വിചാരിച്ച് മാറ്റിവെച്ചു. ചുളുവിൽ കുറച്ച് പണം ഉണ്ടാക്കാം എന്ന് വിചാരിച്ചിട്ടാണോ ഇവർ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഇങ്ങനെ ഇത്ര തിരക്ക് പിടിച്ച് സിനിമ എടുക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
സിനിമ എന്ന് പറയുന്നത് ഒരു പത്ത് ദിവസത്തേക്ക് വേണ്ടി ചെയ്യുന്ന കാര്യമല്ല. അത് ഒരു ആർട്ടാണ്. കുറേ നാൾ നിലനിൽക്കാൻ വേണ്ടി ചെയ്യുന്ന കാര്യമാണ്. അതിനു അതിന്റേതായ ഗൗരവം കൊടുക്കണം,’ രഞ്ജൻ പ്രമോദ് പറഞ്ഞു.
അഭിമുഖത്തിൽ തന്റെ പുതിയ സിനിമയായ ഒ.ബേബി എന്ന ചിത്രത്തെപ്പറ്റിയും പറഞ്ഞു. പൊളിറ്റിക്കലി പ്രാധാന്യമുള്ള ചിത്രമായിരിക്കും ഒ.ബേബി എന്നും പ്രേക്ഷകർ നിരാശരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല ചിത്രമായിരിക്കും എന്ന വിശ്വാസത്തിൽ ഞാൻ ചെയ്ത സിനിമയാണ് ഒ.ബേബി. ഇത് പൊളിറ്റിക്കലി പ്രാധാന്യമുള്ള ഒന്നായിരിക്കും. എക്കാലത്തും ചർച്ച ചെയ്യാൻ പറ്റുന്ന കണ്ടന്റ് ആണ് ഈ ചിത്രം. കൂടാതെ വിനോദത്തിനുള്ള എല്ലാം ആ ചിത്രത്തിൽ ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രേക്ഷകർ നിരാശരാകില്ലെന്നാണ് എന്റെ പ്രതീക്ഷ,’ രഞ്ജൻ പ്രമോദ് പറഞ്ഞു.