Film News
മമ്മൂക്ക തമാശ പറഞ്ഞാല്‍ ചീറ്റിപ്പോവും, ജൂഡിന്റെ മുടിയെ കളിയാക്കിയത് പോലെ, ലാലേട്ടന്‍ അങ്ങനെയൊന്ന് പറഞ്ഞാല്‍ അത്രയും വിഷയമാവില്ല: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 12, 02:49 am
Monday, 12th June 2023, 8:19 am

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പറ്റി പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. മോഹന്‍ലാലിനെ കണ്ടാല്‍ സ്വന്തം ഇഷ്ടത്തിന് പറന്നുനടക്കുന്ന പട്ടം പോലെയാണ് തോന്നുന്നതെന്നും എന്നാല്‍ അതിന്റെ ഉള്ളില്‍ പ്ലാനിങ് നടക്കുന്നുണ്ടെന്നും രഞ്ജന്‍ പറഞ്ഞു. തമാശകള്‍ പറഞ്ഞ് ഒപ്പമുള്ളവരെ റിലാക്‌സ് ആക്കി വെക്കാന്‍ മോഹന്‍ലാല്‍ ശ്രമിക്കുമെന്നും രഞ്ജന്‍ പറഞ്ഞു.

എന്നാല്‍ മമ്മൂട്ടി ഗൗരവക്കാരനാണെന്നും തമാശ പറഞ്ഞാല്‍ ചിലപ്പോള്‍ ചീറ്റിപോവുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പറഞ്ഞു.

‘ലാലേട്ടനെ കണ്ടാല്‍ ഒരു ശ്രദ്ധയുമില്ലാതെ കാറ്റത്തിട്ട പട്ടം പോലെ വെറുതെ ഇഷ്ടം പോലെ പോകുന്ന ഒരാളാണെന്നാണ് നമുക്ക് തോന്നുക. പക്ഷേ അങ്ങനെ അല്ല. അതിന്റെ ഉള്ളില്‍ കൂടി ഒരു ഡിസിപ്ലിനും പ്ലാനിങ്ങും നടക്കുന്നുണ്ട്. കൂടെ നില്‍ക്കുന്ന ആളുകളെ റിലാക്‌സ് ചെയ്യിക്കുന്നതിലായിരിക്കും ലാലേട്ടന്റെ ശ്രദ്ധ.

എന്തെങ്കിലും കോമഡി ഒക്കെ പറഞ്ഞ് നമ്മളെ ലൈവാക്കി നിര്‍ത്തുക, ടെന്‍ഷനാകാതെ നമ്മളെ എങ്ങനെ കൊണ്ടുപോവുക, അതിലൊക്കെയാണ് ലാലേട്ടന്റെ ശ്രദ്ധ ഉള്ളതുപോലെ തോന്നുന്നത്.

മമ്മൂക്ക അങ്ങനെയല്ല. മമ്മൂക്ക അദ്ദേഹത്തിന്റെ ജോലി ചെയ്യും, സീരിയസാണ്. തമാശക്കും കളിക്കും അങ്ങനെ നില്‍ക്കാറില്ല. ചിലപ്പോള്‍ മമ്മൂക്ക തമാശ പറഞ്ഞാല്‍ ചീറ്റിപ്പോവും. ജൂഡിന്റെ മുടിയെ കളിയാക്കിയത് പോലെ.

ലാലേട്ടന്‍ അങ്ങനെയൊരു കാര്യം പറഞ്ഞാല്‍ അത്രയും വിഷയമാവില്ല. പുള്ളി അത് ഈസി ആക്കി വെക്കും. എന്താണ് ഈ മനുഷ്യന്‍ ചെയ്യുന്നത്, എങ്ങനെയാണ് തിരിയുന്നത് എന്ന രീതിയിലാണ് നമ്മള്‍ മമ്മൂക്കയെ നോക്കുന്നത്. ലാലേട്ടനെ അങ്ങനെയല്ല നോക്കുന്നത്,’ രഞ്ജന്‍ പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ രഞ്ജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. രഞ്ജന്‍ പ്രമോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്ത് വന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: ranjan pramod about the nature of mammootty and mohanlal