ഇന്റര്‍നെറ്റ് പണിമുടക്കി; ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനെത്തിയ കേന്ദ്രമന്ത്രി ചായക്കടയില്‍ കുടുങ്ങിയത് അരമണിക്കൂര്‍
Daily News
ഇന്റര്‍നെറ്റ് പണിമുടക്കി; ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനെത്തിയ കേന്ദ്രമന്ത്രി ചായക്കടയില്‍ കുടുങ്ങിയത് അരമണിക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2016, 8:59 am

ramvilas-paswan


കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതിനെ തുടര്‍ന്ന് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാന്‍ സാധിക്കാതെ അരമണിക്കൂറോളം ചായക്കടയില്‍ കുടുങ്ങിയത്.


ബിഹാര്‍: കേന്ദ്രസര്‍ക്കാര്‍ നയമായ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചായക്കടയില്‍ ക്യാഷ്‌ലെസ് ഇടപാട് നടത്താന്‍ ശ്രമിച്ച കേന്ദ്രമന്ത്രി കുടുങ്ങി.

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതിനെ തുടര്‍ന്ന് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാന്‍ സാധിക്കാതെ അരമണിക്കൂറോളം ചായക്കടയില്‍ കുടുങ്ങിയത്.

തന്റെ ലോക്‌സഭാ മണ്ഡലമായ ഹാജിപൂരിലാണ് ക്യാഷ്‌ലെസ് ഇടപാടിന്റെ പ്രചരണത്തിനായി മന്ത്രി എത്തിയത്. കടയില്‍ നിന്ന് ചായ കുടിച്ചതിനു ശേഷം കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനുള്ള ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതോടെ ഈ  ശ്രമം പരാജയപ്പെടുകയായിരുന്നു. കാര്‍ഡ് ഉപയോഗിച്ച് പലതവണ സൈ്വപ്പിംഗ് മെഷീനിലൂടെ പണമടയ്ക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം ശ്രമിച്ചെങ്കിലും  പണമിടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ രാംവിലാസ് പാസ്വാന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കിയത്. ഏത് സാധാരണക്കാരനും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ് കാര്‍ഡ് ഇടപാടുകള്‍ എന്നു തെളിയിക്കാനായിരുന്നു മന്ത്രിയുടെ വരവ്.


ഇതിന്റെ ഭാഗമായി പ്രദേശത്തെ ഒരു ബേക്കറിയിലെത്തി കേക്കും മറ്റ് മധുരപലഹാരങ്ങളും വാങ്ങി കാര്‍ഡ് വഴി മന്ത്രി പണമടച്ചിരുന്നു. അതിന് ശേഷം തുണിക്കടയില്‍ കയറിയ മന്ത്രി രണ്ട് ജോഡി സോക്‌സ് വാങ്ങിക്കുകയും കാര്‍ഡ് ഉപയോഗിച്ച് തന്നെ പണം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ ചായക്കടയിലെത്തിയപ്പോഴാണ് മന്ത്രിക്ക് ഇന്റര്‍നെറ്റ് പണി കൊടുത്തത്.

paswan


നേരത്തെ ദല്‍ഹിയിലും രാംവിലാസ് പാസ്വാന്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രചരണം നടത്തിയിരുന്നു. ഒരു കടയില്‍ നിന്ന് ജ്യൂസ് വാങ്ങി അതിന്റെ പണം കാര്‍ഡ് ഉപയോഗിച്ച് നല്‍കിയിരുന്നു.