നായനാരെ മാത്രം കുറവാക്കരുതെന്ന് കണ്ണൂരിലെ സംഘാടകര്‍, ഞാനൊട്ടും കുറവാക്കിയതുമില്ല, പിന്നെ കാണുന്നത് അവര്‍ കലിപ്പായതാണ്; രസകരമായ അനുഭവം ഓര്‍ത്തെടുത്ത് പിഷാരടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. സ്റ്റാന്‍ഡ് അപ് കൊമേഡിയനായും മിമിക്രി താരമായും അവതാരകനായും നടനായും ആരാധകരുടെ മനസിലിടം നേടിയ താരത്തിന്റെ കഥകള്‍ക്കും പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
മറ്റ് മിമിക്രി താരങ്ങളെ പോലെ തന്നെ സ്റ്റേജ് ഷോകളിലൂടെയായിരുന്നു രമേഷ് പിഷാരടിയും തുടങ്ങിയത്. സ്റ്റേജ് ഷോകളിലെ അനുഭവങ്ങള്‍ രസകരമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാറുള്ളതും. സ്റ്റേജ് ഷോയുടെ ഭാഗമായി അടി കിട്ടിയതും ആളുകള്‍ ചീത്ത വിളിച്ചതും തുടങ്ങി ആ ലിസ്റ്റ് നീളും.
അത്തരത്തില്‍ കണ്ണൂരില്‍ വെച്ച് നടന്ന പരിപാടിയുടെ സംഘാടകര്‍ കലിപ്പായതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം.
സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി രസകരമായ ഈ അനുഭവം പങ്കുവെച്ചത്.
‘ഞാന്‍ തുടങ്ങിയ സമയത്തൊക്കെ നായനാര്‍ സഖാവിന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം ഒരു ഐറ്റമായിരുന്നു. സ്‌റ്റേജിലിരുന്ന് ആരാ വിളിക്കുന്നേ എന്ന് ചോദിക്കലും ഉത്തരം വെക്കലുമൊക്കെയായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്.
ഞങ്ങള്‍ കണ്ണൂര്‍ ഭാഗത്ത് എവിടെയോ പരിപാടിക്ക് പോയതായിരുന്നു. ഞങ്ങള്‍ ചെന്നിറങ്ങി പത്ത് മിനിറ്റായപ്പോഴേക്കും സംഘാടകര്‍ അടുത്ത് വന്നിട്ട് പറഞ്ഞു നിങ്ങള്‍ നായനാരെ കുറവാക്കരുത് എന്ന്.
അവിടെ കുറവാക്കുക എന്ന് പറഞ്ഞാല്‍ കളിയാക്കുക എന്നാണ് അര്‍ത്ഥം. സഖാവിനെ കുറവാക്കരുത് കേട്ടോ എന്ന് പറഞ്ഞു. ഞാനൊട്ടും കുറവാക്കിയില്ല, ഫസ്റ്റ് ഐറ്റം തന്നെ അത് കളിച്ചു.
തുടങ്ങിയില്ലേ.. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ നിങ്ങളോടല്ലേ നായനാരെ കുറവാക്കരുതെന്ന് പറഞ്ഞതല്ലേ എന്നും ചോദിച്ച് അവര്‍ വന്നു. ഞാന്‍ പറഞ്ഞു എനിക്ക് അര്‍ത്ഥം മനസിലായില്ല അതുകൊണ്ടാ ചെയ്തത് എന്ന്,’ പിഷാരടി പറയുന്നു.
തങ്ങളുടെ കുഴപ്പം കൊണ്ട് മൂന്ന് പരിപാടി മാത്രമേ കയ്യീന്ന് പോയിട്ടുള്ളൂ എന്നും ബാക്കിയുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം തട്ടുകിട്ടാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.
നവാഗതനായ നിതിന്‍ ദേവീദാസ് ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം നോ വേ ഔട്ടാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളില്‍ എത്തുന്നുണ്ട്.
വര്‍ഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ.ആര്‍ മിഥുന്‍ ആണ്. കെ.ആര്‍ രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.