Advertisement
Entertainment news
ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട്ട് എന്റെ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം എന്റെ ഭാര്യ അവിടേക്ക് വന്നു. : രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 26, 10:27 am
Tuesday, 26th April 2022, 3:57 pm

നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനായ ‘നോ വേ ഔട്ട്’ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2009ലെ ‘കപ്പല് മുതലാളി’ എന്ന ചിത്രത്തിന് ശേഷം പിഷാരടി നായകനായ ചിത്രം കൂടിയാണ് നോ വേ ഔട്ട്.

മഞ്ജു വാര്യരെ തന്റെ ഭാര്യ കാണാന്‍ വന്ന ദിവസം തന്റെ ഇന്റിമസി സീനായിരുന്നു ഷൂട്ട് ചെയ്യുന്നതെന്നും, എന്നാല്‍ താന്‍ അത് കൂളായി ചെയ്തുവെന്നും പറയുകയാണ് രമേഷ് പിഷാരടി. ജാങ്കോ സ്പേസ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം അവള്‍ അവിടെ ഉണ്ടായിരുന്നു. ബാക്കി ഒരു ദിവസവും വരാതെ കൃത്യമായിട്ട് ആ ദിവസം അവള്‍ അവിടെ വന്നു. സംവിധായകന്‍ ചാര്‍ട്ട് ചെയ്തത് ആ സീനായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. ആ ഇന്റിമസി സീന്‍ ഷൂട്ട് ചെയ്യുന്ന അന്ന് തൊട്ടപ്പുറത്ത് മഞ്ജു വാര്യരിന് ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്റെ മകള്‍ക്ക് മഞ്ജുവിനെ കാണണം എന്ന് പറഞ്ഞിട്ട് വന്നതാണ് അവര്‍. അന്നായിരുന്നു എനിക്ക് ആ സീനിന്റെ ഷൂട്ടുള്ളത്.

പണ്ട് നമ്മള്‍ ഒരു പ്രോഗ്രാമിന് പോവുമ്പോള്‍ നാട്ടില്‍ നിന്ന് ഒരു കൂട്ടുകാരന്‍ വരും പ്രോഗ്രാം കാണാന്‍. അന്ന് പരിപാടി പൊളിയും. പിന്നെ ഇന്നലെ വിജയിച്ചിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് പോലെയായിരുന്നു ഇതും. കൃത്യം ആ ദിവസം തന്നെ അവര്‍ വന്നു,’ രമേഷ് പിഷാരടി പറഞ്ഞു.

ഭാര്യ ഉണ്ടായിട്ടും ആ സീന്‍ സുഖമായി എടുത്തു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല, കംഫര്‍ട്ടായി ചെയ്തു, അവളും കൂളായിരുന്നുവെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

റെമോ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ് നിര്‍മിച്ചിരിക്കുന്ന നോ വേ ഔട്ടില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ 5 : ദി ബ്രെയ്ന്‍ എന്ന ചിത്രത്തിലും പിഷാരടി അഭിനയിക്കുന്നുണ്ട്. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Ramesh Pisharadi says about Inimate scene in No Way Out