എന്നാല്‍ അദ്ദേഹത്തിന്റെ ഈ വാദം കള്ളമാണെന്ന് വീഡിയോ തന്നെ വ്യക്തമാക്കുന്നുണ്ട്. രമേശ് നാരാണയന് ആസിഫ് അലി മൊമെന്റോ കൈമാറുമെന്ന് വേദിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ ആസിഫ് വേദിയിലെത്തുകയും മൊമന്റോ സന്തോഷപൂര്‍വം രമേശ് നാരായണന് കൈമാറാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ആസിഫിന്റെ മുഖത്ത് നോക്കാനോ അദ്ദേഹത്തിന് ഒരു ഹസ്തദാനം നല്‍കാനോ പോലും രമേശ് നാരായണന്‍ തയ്യാറാകുന്നില്ല. മാത്രമല്ല ആസിഫിന്റെ കൈയില്‍ നിന്നും ഒട്ടും താത്പര്യമില്ലാതെ ആ മൊമെന്റോ പെട്ടെന്ന് വാങ്ങുകയും ആസിഫ് അവിടെ നില്‍ക്കെ തന്നെ ജയരാജിനെ വേദിയിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു രമേശ് നാരായണന്‍.
വീഡിയോയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണെന്നിരിക്കെയാണ് കുറ്റം ആസിഫിന്റെ മേല്‍ ചുമത്തി രമേശ് നാരായണന്റെ വിശദീകരണം വന്നിരിക്കുന്നത്. വിഷയത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി രമേശ് നാരായണന്‍ രംഗത്തെത്തിയത്.
എം.ടിയുടെ മകള്‍ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്കു പോയതെന്നും എന്നാല്‍ ട്രെയ്‌ലര്‍ ലോഞ്ചിനുശേഷം സിനിമയുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്കു ക്ഷണിച്ച് മൊമന്റോ നല്‍കിയപ്പോഴൊന്നും തന്നെ വിളിച്ചില്ലെന്നും അതില്‍ വിഷമം തോന്നിയെന്നും രമേശ് നാരായണന്‍ പറഞ്ഞിരുന്നു.
ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു സംഗീതമൊരുക്കിയത് താനാണെന്നിരിക്കെ അദ്ദേഹം പോലും തന്നെ വേദിയിലേക്കു ക്ഷണിച്ചില്ലല്ലോയെന്നത് ചെറിയ വേദനയുണ്ടാക്കിയെന്നും അതിനുശേഷം ഇറങ്ങാന്‍ നേരം വേദിയിലേക്കു ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തിരുന്നെന്നും രമേശ് നാരായണന്‍ പറയുന്നു.
അതിനു പിന്നാലെ അശ്വതി ക്ഷമപറയുകയും വേഗത്തില്‍ മൊമന്റോ എനിക്ക് തരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം സന്തോഷ് നാരായണന്‍ എന്ന പേരാണ് അവിടെ അനൗണ്‍സ് ചെയ്തത്. അതിനുപിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏല്‍പ്പിച്ച് പോയി.
ആസിഫ് എനിക്കാണോ ഞാന്‍ ആസിഫിനാണോ മൊമന്റോ നല്‍കേണ്ടതെന്ന് പോലും വ്യക്തമാകുന്നതിനു മുന്‍പേ, മൊമന്റോ എന്നെ ഏല്‍പ്പിച്ച ആസിഫ് ആശംസ പറയാതെ പോയി. തുടര്‍ന്നാണ് താന്‍ ജയരാജിനെ വിളിച്ചതെന്നായിരുന്നു രമേശ് നാരായണന്റെ ന്യായീകരണം.