അന്ന് ഞാന്‍ പരാതി നല്‍കിയപ്പോള്‍ നടപടി സ്വകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല, ഇന്ന് സത്യം തെളിഞ്ഞു; സര്‍വകലാശാല വി.സി. നിയമന വിവാദത്തില്‍ ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെവെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വി.സിക്കും ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ല. രാജിവെച്ച് പുറത്തുപേകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചര വര്‍ഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഗവര്‍ണറുടെ കത്തെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതല്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല.
ഇന്നിപ്പോള്‍ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാരണമാണ് ഇത്തരത്തില്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ കത്തില്‍ ഉറപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്ണൂര്‍, കാലടി സര്‍വകലാശാല വി.സി. നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേരാവുകയാണ്.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമങ്ങളോടും ഗവര്‍ണര്‍ പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വി.സിക്കും ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ല. രാജിവെച്ച് പുറത്ത് പേകണം
കഴിഞ്ഞ അഞ്ചര വര്‍ഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്.
കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതല്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല.
ഇന്നിപ്പോള്‍ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവര്‍ണര്‍.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവുമായി (Reappointment) ബന്ധപ്പെട്ട ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.
നിയമവിരുദ്ധമായിരുന്നിട്ടും സര്‍ക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിനുള്ള ഫയലില്‍ താന്‍ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സിലര്‍മാരാക്കാന്‍ പാടില്ല എന്ന സര്‍വ്വകലാശാലാ നിയമം കാറ്റില്‍ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍ നിയമനം നല്‍കിയത്.
മാത്രമല്ല പുതിയ വൈസ് ചാന്‍സിലറെ കണ്ടെത്താന്‍ യു.ജി.സിയുടെയും ചാന്‍സിലറുടെയും സര്‍വ്വകലാശാലയുടേയും പ്രതിനിധികളെ ചേര്‍ത്ത്
‘സേര്‍ച്ച് കമ്മിറ്റി’രൂപീകരിക്കുകയും ആ കമ്മിറ്റി അപേക്ഷ ക്ഷണിക്കുകയും ചെയ്തശേഷം, നിലവിലെ വി.സിയുടെ കാലാവധി തീരുന്നതിന്റെ തലേദിവസം സേര്‍ച്ച് കമ്മിറ്റി റദ്ദാക്കി അദ്ദേഹത്തിന് തന്നെ പുനര്‍ നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ സമ്മതിക്കുകയാണ്.
പുനര്‍ നിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായിപുനര്‍ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദുവാണ്.
വി.സിക്ക് പുനര്‍ നിയമനം നല്‍കിയതിനെ എതിര്‍ത്ത് വന്ന ഹരജിയില്‍, പുനര്‍നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹൈക്കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്.
പ്രോ ചാന്‍സിലര്‍ കൂടിയായ മന്ത്രിക്ക് ഇത്തരത്തില്‍ ഒരു ശുപാര്‍ശ നല്‍കാന്‍ നിലവിലെ ഒരു നിയമവും അനുവാദം നല്‍കുന്നില്ല.
ഈ വിഷയത്തില്‍ ഏറെ പ്രസക്തമായ ചോദ്യം ഉന്നത വിദ്യാഭ്യാസമന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുനര്‍ നിയമനം ശുപാര്‍ശ ചെയ്തത് എന്നാണ്.
മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാരണമാണ് ഇത്തരത്തില്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ കത്തില്‍ ഉറപ്പിക്കുന്നു.
അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
കൂടാതെ, ചട്ടവിരുദ്ധമായാണ് പുനര്‍ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവര്‍ണ്ണര്‍ തന്നെ പരസ്യമാക്കിയ സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഉടന്‍ സ്ഥാനം രാജിവക്കണം.
മാത്രമല്ല, ഇവിടെയാണ് ഗവര്‍ണ്ണര്‍ പറഞ്ഞ രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാകുന്നത്.
മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസ്സോസ്സിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ കൂട്ടുനിന്ന വൈസ് ചാന്‍സിലര്‍ക്കാണ് പുനര്‍ നിയമനം നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടത്.
സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ ഭാരവാഹി ശ്രീ ആര്‍.എസ്. ശശികുമാര്‍ സമയബന്ധിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നിയമന ഉത്തരവ് നല്‍കാതെ നിയമോപദേശത്തിന് വി സി തയ്യാറായതെന്ന് എല്ലാവര്‍ക്കുമറിയാം
വൈസ് ചാന്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നത് യു.ജി.സി. റഗുലേഷനും അതാത് സര്‍വ്വകലാശാലകളിലെ നിയമവും അടിസ്ഥാനമാക്കിയാണ്.
വി സി നിയമനത്തിന് ‘സേര്‍ച്ച് കമ്മിറ്റി’ രൂപീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റി അസാധുവാകുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന പേര് വിസിയായി ചാന്‍സിലര്‍ അംഗീകരിക്കണമെന്നുമാണ് സംസ്‌കൃത സര്‍വ്വകലാശാലാ നിയമത്തില്‍ പറയുന്നത്.
ഇവിടെ ഇത്തരത്തില്‍ ‘സേര്‍ച്ച് കമ്മിറ്റി’ രൂപീകരിച്ചെങ്കിലും, ‘രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന’ സര്‍വ്വകലാശാലാ നിയമത്തിലെ വ്യവസ്ഥ മനപൂര്‍വ്വം സര്‍ക്കാര്‍ തെറ്റിക്കുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാരിന് താല്പര്യമുള്ള ഒരാളെ വൈസ് ചാന്‍സിലറാക്കാന്‍ നിര്‍ദ്ദേശിക്കുകയും ഗവര്‍ണ്ണര്‍ അതിന് അംഗീകാരം നല്‍കാതെ ഫയല്‍ മടക്കുകയുമായിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലാ വി.സി നിയമനത്തിന് 60 വയസ്സ് കടക്കാന്‍ പാടില്ല എന്ന സര്‍വ്വകലാശാല നിയമ നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗം, യു.ജി.സി. റഗുലേഷനെ കൂട്ടുപിടിക്കുകയായിരുന്നു
റഗുലേഷനില്‍ വയസ്സ് നിബന്ധന ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
നിയമവിരുദ്ധമായിരുന്നിട്ടും അത് ചാന്‍സിലര്‍ അംഗീകരിച്ചു കൊടുത്തു. എന്നാല്‍, സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ സേര്‍ച്ച് കമ്മിറ്റിക്ക് കാലപരിധിയില്ലാത്ത യു.ജി.സി റഗുലേഷന്‍ ഒഴിവാക്കി, സര്‍വ്വകലാശാലാ നിയമത്തെ കൂട്ടുപിടിച്ചു.
ഇതാണ് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയക്കാന്‍ കാരണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Ramesh Chennithala says Governor’s revelations regarding re-appointment of Kannur University Vice Chancellor are shocking