തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് സര്‍ക്കാരുകളും അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കോടതിയുടെ മുന്‍പാകെ നിലനില്‍ക്കുന്ന കേസില്‍ പഴയ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിഷേധിച്ച കാര്യമാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. അന്ന് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിച്ച ആളാണ്. ഇവിടെ ആരും കോഴ തന്നിട്ടുമില്ല, ആരും കോഴ വാങ്ങിയിട്ടുമില്ല.
ഞങ്ങള്‍ അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയല്ല. ബിജു രമേശ് 164 കൊടുത്ത സന്ദര്‍ഭത്തിലാണ് ഇക്കാര്യം പറഞ്ഞത്. അന്ന് ഒരു ടേപ്പ് ഉണ്ടെന്ന് പറഞ്ഞു. അത് മൂന്ന് തവണ അന്വേഷിച്ചതാണ്. ഇപ്പോള്‍ ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും പരാതി നില്‍ക്കുകയാണ്. രണ്ട് അന്വേണത്തിലും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ലോകായുക്തയും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. രണ്ട് സര്‍ക്കാരുകളുടെയും കാലത്ത് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കേസാണ് ഇത്.
ശബ്ദരേഖ വ്യാജമാണെന്ന് തെളിഞ്ഞതാണ്. അഹമ്മദബാദിലേക്ക് അയച്ച് ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചതാണ്. ഈ സര്‍ക്കാര്‍ വന്ന സമയത്തും അന്വേഷിച്ച് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ഈ റിപ്പോര്‍ട്ടുകളെല്ലാം ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും മുന്‍പിലാണ്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നത് സബ്ജുഡീസ് ആയ കാര്യമാണ്.
കോടതിയില്‍ നിലനില്‍ക്കുന്ന ഒരു കാര്യത്തില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. പ്രാഥമികാന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എനിക്ക് അതിലൊന്നും ഒരു പരാതിയുമില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. എന്റെ കൈകള്‍ പരിശുദ്ധമാണ്. ഇങ്ങനെ ഒരു സ്വഭാവമേ നടന്നിട്ടില്ല. കോടതിയില്‍ നില്‍ക്കുന്ന ഒരു കേസില്‍ പ്രാഥമികാന്വേഷണത്തിന് വീണ്ടും ഉത്തരവിടണമെങ്കില്‍ പുതിയ വെളിപ്പെടുത്തല്‍ വേണം. ഇത് പഴയ വെളിപ്പെടുത്തലാണ്.
ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാമെന്ന് കരുതണ്ട. മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങളുടെ മുഴുവന്‍ അഴിമതിയും പുറത്തുവരും. നിങ്ങളുടെ യഥാര്‍ത്ഥ മുഖം കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അതിന് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട.’ രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.
ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.
കേസില്‍ സര്‍ക്കാരിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലുമാണ് സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്.
മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക