എല്‍.ഡി.എഫ് ജയം കിറ്റ് കൊടുത്തിട്ടല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ട്; ഭാരവാഹി യോഗത്തില്‍ ചെന്നിത്തല
Kerala
എല്‍.ഡി.എഫ് ജയം കിറ്റ് കൊടുത്തിട്ടല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ട്; ഭാരവാഹി യോഗത്തില്‍ ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 2:31 pm

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് മികച്ച വിജയമുണ്ടായത് സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവര്‍ക്ക് വിജയം നേടാനായതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമായെന്നും താഴെത്തട്ടില്‍ സജീവമായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കറിയില്ല. ജനങ്ങളുമായി ഇടപെട്ടുള്ള പ്രവര്‍ത്തനം നടത്താന്‍ യു.ഡി.എഫിനായില്ലെന്നും ഭാരവാഹിയോഗത്തില്‍ ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ പ്രതിപക്ഷം ധര്‍മ്മം പൂര്‍ണമായി നിറവേറ്റി എന്നുള്ള ആത്മവിശ്വാസമാണ് ഉള്ളതെന്ന് ചെന്നിത്തല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പരഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രതിപക്ഷത്ത് വരുമ്പോള്‍ എല്ലാത്തിനേയും കണ്ണടച്ച് എതിര്‍ക്കുകയും സംസ്ഥാന താത്പര്യങ്ങളെ സമുചിതമായ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വേണ്ടി തുരങ്കം വെക്കുകയും ചെയ്ത നടപടികളാണ് കേരളം പണ്ട് കണ്ടിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനും പ്രതിപക്ഷ അംഗങ്ങളും ഒരിക്കലും ആ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

ഗവര്‍മെന്റുമായി യോജിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ജനതാത്പര്യത്തെ മുന്‍നിര്‍ത്തി യോജിച്ചു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കൊള്ളകള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പാത സ്വീകരിക്കുകയും ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേര്‍ന്നത്.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികള്‍ കൂടി മുന്നോട്ട് വച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ഹൈക്കമാന്റ് പ്രതിനിധികളായ അശോക് ഗെലോട്ടും ജി. പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

തിരുവനന്തപുരം എം പി ശശി തരൂരിന് പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല നല്‍കാന്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി കേരളത്തിലെ അഞ്ചു ജില്ലകളില്‍ ശശി തരൂര്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂര്‍ ചര്‍ച്ച നടത്തും. യു.ഡി.എഫുമായി ഇടഞ്ഞു നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം പ്രകടനപത്രികയുമായി ബന്ധപ്പെട്ട് ഇവരുടെ നിര്‍ദേശങ്ങളും തരൂര്‍ കേള്‍ക്കും.

യുവാക്കളെയും ടെക്കികള്‍ അടക്കമുള്ളവരെയും യു.ഡി.എഫിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യവും തരൂരിനെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന നേതൃതലത്തില്‍ സജീവമല്ലാത്ത ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുകയുള്ളൂ എന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ അറിയിച്ചു. ഗ്രൂപ്പ് അടക്കമുള്ള ഒരു പരിഗണനയും ഉണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala On LDF Victory In Kerala Localbody Election