തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് കലഹത്തിനില്ല. ഉമ്മന്‍ചാണ്ടിയും താനും പട്ടികയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നേതൃത്വം പരിഹരിച്ചുവെന്നാണ് സൂചന. മുന്‍ ഡി.സി.സി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല.
എം.പി. വിന്‍സന്റിനും യു. രാജീവനും ഇളവ് നല്‍കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും.
വിന്‍സന്റിനും രാജീവനും ഒന്നര വര്‍ഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. പക്ഷേ അക്കാര്യത്തില്‍ വലിയ എതിര്‍പ്പാണ് ഗ്രൂപ്പുകളില്‍ നിന്നുണ്ടായത്.
ഇതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുകയും ആ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു.
മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും മതിയെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്‌സിക്യൂട്ടിവിലോ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്ക്കുന്നത് ആലോചനയിലുണ്ട്.