Kerala News
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശന് അഭിനന്ദനങ്ങള്‍; രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 22, 06:40 am
Saturday, 22nd May 2021, 12:10 pm

തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു.

ഇപ്പോള്‍ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം.

വി.ഡി സതീശന് അഭിനന്ദനങ്ങളും ആശംസകളും ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവായി ഹൈക്കമാന്റ് തീരുമാനിച്ച വി.ഡി സതീശന് തിളങ്ങാനാകട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേരിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും ,കേന്ദ്ര തീരുമാനം അറിയിക്കുകയായിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്പീക്കര്‍ക്ക് ഉടന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച കത്ത് നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനം പ്രശംസനീയമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ശനിയാഴ്ച രാവിലെയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാര്‍ഗെ തീരുമാനം അറിയിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Ramesh Chennithala agrees with the decision and congratulates VD Satheesan