'വ്യാജവാര്‍ത്ത പ്രോത്സാഹിപ്പിക്കലല്ല വിദേശകാര്യമന്ത്രിയുടെ പണി, പട്ടേലിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ നെഹ്‌റു ശ്രമിച്ചെന്ന വാദം വെറും കെട്ടുകഥ, '; ജയ്ശങ്കറിന് രാമചന്ദ്രഗുഹയുടെ മറുപടി
ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലാഭായി പട്ടേലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് താല്പര്യമുണ്ടായിരുന്നില്ല എന്ന കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. വെറും കെട്ടുകഥമാത്രമാണ് ജയ്ശങ്കറിന്റെ പ്രസ്താവനയെന്നാണ് ഗുഹ പ്രതികരിച്ചത്.
1947 ലെ മന്ത്രിസഭയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഉള്‍പ്പെടുത്താന്‍ നെഹ്‌റുവിന് താല്പര്യം ഉണ്ടായിരുന്നില്ല എന്നും പ്രഥമപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നും വി.പി മേനോന്റെ ജീവചരിത്രം വായിച്ചപ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ പറ്റി എന്നും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ജയ്ശങ്കര്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. നാരയണി ബാസു രചിച്ച വി.പി മേനോന്റെ ജീവചരിത്രം പ്രകാശനം ചെയ്തത് ജയ്ശങ്കറായിരുന്നു.
” ഇത് ഒരു കെട്ടുകഥമാത്രമാണ്. പ്രിന്റിലെ ലേഖനത്തില്‍ പ്രൊ. ശ്രീനാഥ് രാഘവന്‍ ഇതിനെ പൊളിച്ചടക്കിയിട്ടുണ്ട്. ആധുനിക ഇന്ത്യയുടെ ശില്പികളെക്കുറിച്ച് തെറ്റായതും വിരോധമുണ്ടാക്കുന്നതുമായ വ്യാജവാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നതല്ല ഒരു വിദേശകാര്യമന്ത്രിയുടെ പണി. അത്തരം കാര്യങ്ങള്‍ അദ്ദേഹം ബി.ജെ.പിയുടെ ഐ.ടി സെല്ലിനാണ് കൊടുക്കേണ്ടത്,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഗുഹയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ജയ്ശങ്കര്‍ മറുപടി ട്വീറ്റുമായി രംഗത്തെത്തി.
”ചില വിദേശകാര്യ മന്ത്രിമാരും പുസ്തകം വായിക്കാറുണ്ട്. ചില പ്രൊഫസര്‍മാര്‍ക്കും ആ ശീലം നല്ലതാണ്. അതിനായി ഇന്നലെ ഞാന്‍ പ്രകാശനം ചെയ്ത പുസ്തകം ഞാന്‍ നിര്‍ദ്ദേശിക്കുന്നു”, അദ്ദേഹം ട്വീറ്റ് ചെയ്തു.