നേപ്പാളിലെ ഹിന്ദുക്കള്‍ക്ക് അയോധ്യ അവിടെയാണെന്ന് വിശ്വസിക്കാം, ഇന്തൊനേഷ്യയിലെ രാമായണത്തില്‍ രാമനും രാവണനും പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനോടാണ്
Discourse
നേപ്പാളിലെ ഹിന്ദുക്കള്‍ക്ക് അയോധ്യ അവിടെയാണെന്ന് വിശ്വസിക്കാം, ഇന്തൊനേഷ്യയിലെ രാമായണത്തില്‍ രാമനും രാവണനും പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനോടാണ്
അസീസ് തരുവണ
Tuesday, 14th July 2020, 5:50 pm

ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്നും ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമാണെന്നും, ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നിരിക്കെ ഇന്ത്യ തര്‍ക്കത്തിലുള്ള അയോധ്യ സൃഷ്ടിക്കുകയായിരുന്നുവെന്നുമുള്ള നേപ്പാള്‍ പ്രധാനമന്ത്രി ഓലിയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

‘സീത ഇന്ത്യയിലെ ശ്രീരാമനെ വിവാഹം കഴിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് നാം. എന്നാല്‍, ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയായിരുന്നു’- പ്രധാനമന്ത്രി ഓലിയുടെ വസതിയില്‍ നടന്ന ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. നേപ്പാളിന്റെ അയോധ്യ സ്വന്തമാക്കിയതിലൂടെ നേപ്പാളിനുമേല്‍ സാംസ്‌കാരികമായ കടന്നു കയറ്റമാണ് ഇന്ത്യ നടത്തുന്നതെന്നും നേപ്പാള്‍ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.

ഇതിനെതിരെ അഘോഡകളും ഹിന്ദുത്വതീവ്രവാദികളും പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. വാസ്തവത്തില്‍, രാമായണ ഗവേഷകരെ സംബന്ധിച്ചിടത്തോളം നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിവാദ പരമായി ഒന്നുമില്ലെന്നു മാത്രമല്ല, രാമായണത്തിന്റെ ബഹുസ്വരമായ പാഠ രൂപങ്ങളെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്.

നേപ്പാള്‍ പ്രധാനമന്ത്രി ഓലി

ഒന്നാമതായി, രാമായണം ചരിത്രമല്ല, ഐതിഹ്യമാണ്. അതിനാല്‍ ചരിത്ര വസ്തുതയെന്ന പോലെ രാമായണത്തില്‍ വസ്തു നിഷ്ഠതയും ചരിത്രപരതയും അന്വേഷിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുതപ്പെടുന്ന കാര്യമല്ല. ‘മിത്തിനെ ചരിത്രമാക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോട് വിട പറയുന്നു’ എന്നാണ് ഡോ.കെ.എന്‍.പണിക്കര്‍ പറഞ്ഞിട്ടുള്ളത്.

രാമായണത്തില്‍ പറയുന്ന ഒരു കാര്യവും ഏക ശിലാത്മകമല്ല. ഉദാഹരണമായി, അയോധ്യ, ഇന്ത്യയിലെന്ന പോലെ രാമായണ കഥകള്‍ പരന്നൊഴുകിയ ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള സ്ഥലനാമമാണ്. തായ്‌ലാന്റില്‍ അയോധ്യയുണ്ട്. ‘അയൂധ്യ’ എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. തായ്‌ലാന്റിലെ വിശ്വാസ പ്രകാരം ‘യഥാര്‍ത്ഥ ‘അയോധ്യ’ തായ്‌ലാന്റിലാണ്. ഹൈന്ദവ സങ്കല്‍പ്പത്തെക്കാള്‍ ബൗദ്ധരാമായണ പാരമ്പര്യത്തിനാണ് തായ്‌ലാന്റില്‍ മേല്‍കോയ്മ.

ബൗദ്ധദശരഥ ജാതകമെന്ന ബുദ്ധമതക്കാരുടെ പൗരാണിക രാമായണ ഗ്രന്ഥ പ്രകാരം വാരാണസിയിലാണ് ദശരഥ മഹാരാജാവിന്റെ രാജധാനി; അയോധ്യയിലല്ല. ഇന്തോനേഷ്യന്‍ രാമായണ കഥകളിലും അയോധ്യയുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്‌വാന്‍, ഭൂട്ടാന്‍, ശ്രീലങ്ക, ബര്‍മ്മ, ചൈന, വിയറ്റ്‌നാം, ജപ്പാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി ഒട്ടേറെ ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണം ഏറിയോ കുറഞ്ഞോ നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യക്കാരൊന്നും തന്നെ സമ്പൂര്‍ണ്ണമായി ഇന്ത്യയില്‍ നടന്ന കഥയായി രാമായണത്തെ കാണുന്നില്ല. ഇന്ത്യയില്‍ പോലും നിരവധി സ്ഥലങ്ങളില്‍ രാമായണവുമായി ബന്ധപ്പെട്ടത് എന്നു ഹൈന്ദവ വിശ്വാസി സമൂഹം കരുതുന്ന പ്രദേശങ്ങളുണ്ട്.

വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത ആശ്രമം കൊല്ലിയിലെ വാൽമീകി ആശ്രമം

ഉദാഹരണമായി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത ആശ്രമം കൊല്ലി എന്ന ഗ്രാമത്തില്‍ വാല്മീകി ആശ്രമമുണ്ട്. വാല്‍മീകി തപസ്സു ചെയ്ത സ്ഥലമെന്ന് കരുതപ്പെടുന്ന മുനിപ്പാറയുണ്ട്. പുല്‍പ്പള്ളിയിലെ ജടയറ്റകാവ് ക്ഷേത്രത്തിലെ വിശ്വാസപ്രകാരം, സീതാദേവി ഭൂമിയിലേക്ക് ആണ്ടു പോയത് ജയെറ്റ കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്. സീതാദേവി ഭൂമി പിളര്‍ന്ന് ആണ്ടു പോകുമ്പോള്‍ ശ്രീരാമന്‍ സീതയുടെ മുടിപിടിച്ചു വെച്ചെന്നും അങ്ങനെ ജട (മുടി) അറ്റുപോയെന്നുമാണ് ആ ക്ഷേത്രത്തിലെ ഐതിഹ്യം. അതിനാലാണത്രെ അവിടം ജടയറ്റകാവ് എന്നറിയപ്പെടുന്നത്.

സീതാദേവി ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്ത സ്ഥലം, ജടയറ്റകാവ്

സീതാ- രാമന്‍ ബന്ധത്തേയും ഒരേ വിധമല്ല രാമായണങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. ബുദ്ധമതസ്ഥരുടെ ‘ദശരഥജാതക ‘ പ്രകാരം സീത രാമന്റെ പെങ്ങളാണ്. നിരവധി വിദേശ രാമായണങ്ങള്‍ പ്രകാരം സീത രാവണന്റെ പുത്രിയാണ്. (വയലാറിന്റെ രാവണപുത്രി എന്ന കവിത പ്രസിദ്ധമാണ്)

പഴയ തുര്‍ക്കിസ്ഥാനിലെ കോത്താന്‍ പ്രദേശത്ത് പ്രചാരമുള്ള രാമായണ കഥകള്‍ പ്രകാരം രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത. ബഹുഭര്‍തൃത്വം നിലനില്‍ക്കുന്ന പ്രദേശമാണ് കോത്താന്‍. സീതയുടെ ബഹുഭര്‍തൃത്വ കഥ പറഞ്ഞുകൊണ്ടാണ് അവര്‍ ബഹുഭര്‍തൃത്വത്തെ ന്യായീകരിക്കുന്നത്.

ഇന്തോനേഷ്യയിലെ ഹികായത്ത് സെരിരാം (രാമകഥ) എന്ന രാമായണ പാഠത്തില്‍ രാമനും രാവണനും പ്രാര്‍ഥിക്കുന്നത് അല്ലാഹുവിനോടാണ്. ആദം നബി, മുഹമ്മദ് നബി, അലി, ജിബ്രീല്‍ തുടങ്ങിയവരൊക്കെ ഹിക്കായത്ത് സെരിരാമില്‍ കഥാപാത്രങ്ങളാണ്.

ജൈന മതസ്ഥരുടെ പഉമചരീയം (പത്മ ചരിതം) എന്ന പ്രാകൃത ഭാഷയില്‍ എഴുതപ്പെട്ട രാമായണമനുസരിച്ച് രാവണനിഗ്രഹം നടത്തിയത് ലക്ഷ്മണനാണ്. ഹിംസ എന്ന കൊടും കുറ്റകൃത്യം ചെയ്തതിനാല്‍ ലക്ഷ്മണന്‍ നരകവാസിയായി എന്ന് പഉമചരീയം പറയുന്നു.

തായ്ലാൻ്റിലെ ‘അയൂധ്യ’

ചുരുക്കത്തില്‍,
നമുക്ക് ഒരൊറ്റ രാമായണമല്ല ഉള്ളത്. അനേകം രാമായണങ്ങളാണ്.
അതിനെ ഒരൊറ്റ പാഠത്തിലേക്ക് ചുരുക്കുന്നത് അപകടകരമാണ്. മറ്റു രാമായണ പാഠങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണത്. അനേകം മറ്റു പാഠ രൂപങ്ങളെ റദ്ദുചെയ്യലാണ്.

അതിനാല്‍ നേപ്പാളിലെ ഹിന്ദുകള്‍ക്ക് അയോധ്യ അവിടെയാണെന്ന് വിശ്വാസിക്കാം. തായ്‌ലാന്റുകാര്‍ക്ക് തായ്‌ലാന്റിലാണെന്നും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലാണെന്നും വിശ്വസിക്കാം. ഇതില്‍ ഏതെങ്കിലും ഒരു പാഠം മാത്രമാണ് ശരി എന്നു വാദിക്കുന്നത് രാമായണങ്ങള്‍ക്കു മേലുള്ള കടന്നുകടന്നുകയറ്റമാണ്.

Rama is born in countless ways. Andthere are tens of millions of Ramayanas….
എന്ന് തുളസീദാസ് രാമചരിതമാനസത്തില്‍ പറയുന്നു..

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്