Bollywood
എന്റെ മകളെ നിങ്ങള്‍ നാണം കെടുത്താന്‍ നോക്കുന്നു; ഗുര്‍മീത് റാം റഹിമിനെ കുറിച്ചുള്ള സിനിമയില്‍ ഹണീപ്രീതിനെ അവതരിപ്പിച്ചതിന് രാഖിസാവന്തിനെതിരെ 5 കോടിയുടെ മാനനഷ്ട കേസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jan 08, 02:03 am
Monday, 8th January 2018, 7:33 am

ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹിമിനെ കുറിച്ചുള്ള സിനിമയില്‍ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ വേഷം അഭിനയിച്ചതിന് വിവാദ നായിക രാഖി സാവന്തിന് എതിരെ മാനനഷ്ടത്തിന് കേസ്.

ഹണിപ്രീതിന്റെ അമ്മ ആശാ തനേജയാണ് അഞ്ചു കോടി രൂപ മാനനഷ്ടത്തിന് കേസ് നല്‍കിയത്. ചിത്രത്തില്‍ ഹണി പ്രീതും ഗുര്‍മീതും തമ്മില്‍ തെറ്റായ ബന്ധങ്ങള്‍ ഉണ്ടെന്ന രീതിയിലാണ് രാഖി അവതരിപ്പിക്കുന്നതെന്നും ഇത് സമൂഹമധ്യത്തില്‍ മകളെ അപമാനിക്കാനുമാണെന്നാണ് ആശ കേസില്‍ പറയുന്നത്.

മുപ്പത് ദിവസത്തിനുള്ളില്‍ രാഖി പരസ്യമായി മാപ്പു പറയുകയും അഞ്ചു കോടി രൂപ മാനനഷ്ടത്തിന് നല്‍കുകയും വേണമെന്നാണ് കേസ്. മുമ്പ് ഹണി പ്രീതിനെ അറസ്റ്റ് ചെയ്ത സമയത്ത് ഹണിപ്രീതിനെതിരെ പരസ്യമായി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇരുവരെയും തനിക്ക് അറിയാമെന്നും അവരെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ താന്‍ തുറന്ന് കാട്ടുമെന്നുമായിരുന്നു. രാഖിയുടെ പ്രസ്താവന.

ഹണീപ്രീതിന് തന്റെ കാമുകനായ ഗുര്‍മീത് റാം റഹിമിനെ താന്‍ തട്ടിയെടുക്കുമെന്ന് സംശയമായിരുന്നെന്നും രാഖി പറഞ്ഞിരുന്നു.  ബലാല്‍സംഘ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് ഇരുപത് വര്‍ഷം തടവു ശിക്ഷ ലഭിച്ചത്. തുടര്‍ന്ന് ഹണീ പ്രീത് ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്ന് ഹണിപ്രീതിനെ നീണ്ടകാലത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ്ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. ഗുര്‍മീത് റാം റഹിം അറസ്റ്റിലായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഹണിപ്രീതിനെതിരെ പൊലീസ് കേസെടുക്കുന്നത്.