Advertisement
Kerala News
പ്രഖ്യാപനം വേണ്ട, ഇനി ഉത്തരവുമായി സമരപ്പന്തലിലേക്ക് വന്നാല്‍ മതി; സുരേഷ് ഗോപിയോട് ആശ വര്‍ക്കര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 14, 01:01 pm
Friday, 14th March 2025, 6:31 pm

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തിലെ സ്ഥിരം സാന്നിധ്യമായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ച് ആശമാര്‍. ഇന്‍സെന്റീവ് കൂട്ടുമെന്ന പ്രഖ്യാപനമല്ല അതിന്റെ ഉത്തരവാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് പറഞ്ഞ ആശാ വര്‍ക്കര്‍മാര്‍ ആ ഉത്തരവുമായി സുരേഷ് ഗോപി സമരപ്പന്തലിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോട് ആശ വര്‍ക്കര്‍മാര്‍ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് സി.പി.ഐ.എമ്മിന്റെ വിമര്‍ശനത്തിനിടെയാണ് ആശമാരുടെ പ്രതികരണം.

ഇന്‍സെന്റീവ് കൂട്ടുമെന്ന പ്രഖ്യാപനമല്ല വേണ്ടെതെന്നും അത് നടപ്പിലാക്കുന്ന ഉത്തരവുകളാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പ്രഖ്യാപനങ്ങള്‍ ഇതിന് മുമ്പും കേട്ടിരുന്നെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.

‘ ഇന്‍സെന്റീവ് കൂട്ടുമെന്ന പ്രഖ്യാപനമുണ്ടെങ്കില്‍, സര്‍ക്കാരിന് അങ്ങനെയൊരു ആലോചനയുണ്ടെങ്കില്‍ അടിയന്തരമായി തീരുമാനിച്ച് ഉത്തരവിറക്കണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ ഇവിടെ വന്നു. ഇനി ഒരു ഉത്തരവുമായി അദ്ദേഹം വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല. അദ്ദേഹവും വഞ്ചിക്കപ്പെടാന്‍ പാടില്ല,’ ആശ വര്‍ക്കരിലൊരാള്‍ പറഞ്ഞു.

ഇന്നലെ ആശ വര്‍ക്കര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളായി പ്രഖ്യാപിക്കുമോ എന്ന മാധ്യമപ്രവ്രര്‍ത്തകന്റെ ചോദ്യത്തില്‍ സുരേഷ് ഗോപി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറോട് സംവിധാനമെന്താണെന്ന് ആദ്യം പഠിക്കൂ എന്ന് പറഞ്ഞ മന്ത്രി സിക്കിമിനെപ്പോലെ ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് പറയാനും ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ പൊങ്കാല കിറ്റുമായും സുരേഷ് ഗോപി എത്തിയിരുന്നു.

ആശാ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ താന്‍ ഇടപെടുന്നത് മന്ത്രിയോ എം.പിയോ ആയതിനാലല്ലെന്നും മറിച്ച് സാമൂഹ്യപ്രവര്‍ത്തകനായതിനാലാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘കേന്ദ്ര മന്ത്രിയായതിനുശേഷം പാര്‍ട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലര്‍പ്പില്ലാതെ ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നു. അതിന്റെ ഫല സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്,’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യത്തെ ജോണ്‍ ബ്രിട്ടാസ് എം.പി. പരിഹസിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദല്‍ഹിയില്‍ ഒരു പണിയുമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നതെന്ന് പറഞ്ഞ ബ്രിട്ടാസ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടാല്‍ അദ്ദേഹത്തിന് അവിടെ പണിയൊന്നും ഉണ്ടാവില്ലെന്ന് മനസിലാവുമെന്നും പരിഹസിച്ചു.

സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബി.ജെ.പിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറയുകയുണ്ടായി.

Content Highlight: No need for an announcement, just come to the protest venue with an order; ASHA workers tell Suresh Gopi