Kerala
വയസുകാലത്ത് ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കില്‍ ചിലത് ചീഞ്ഞുനാറുന്നുണ്ട്; ഇ.ഡിയെ പേടി കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 05, 08:07 am
Friday, 5th March 2021, 1:37 pm

 

തിരുവനന്തപുരം: ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നില്‍ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഇ. ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലര്‍ക്കും ഇ.ഡിയെ പേടിയുണ്ടെന്നായിരുന്നു ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

കേന്ദ്രഗവര്‍മെന്റിന്റെ കയ്യിലാണ് ഇ.ഡിയിരിക്കുന്നത്. കൊച്ചിയിലെ മെട്രോ, ദല്‍ഹിയിലെ ഡി.എം.ആര്‍.സി, പാലാരിവട്ടം പാലം ഇതിലെല്ലാം തെരഞ്ഞെടുക്കുന്ന ഇ. ശ്രീധരന് കയ്യും മെയ്യും മറന്നിട്ടാണ് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്.

അപ്പോള്‍ ഈ വയസ്സുകാലത്ത് അദ്ദേഹം ബി.ജെ.പിയില്‍ പോകണമെങ്കില്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു എന്ന പോലെ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോയ മേജര്‍ രവി വരെ മടങ്ങി വരുന്ന ഈ സമയത്ത് അദ്ദേഹം അങ്ങോട്ട് പോകേണ്ട വല്ല കാര്യവുമുണ്ടോ?

അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണല്ലോ എന്ന ചോദ്യത്തിന് ജീവിതത്തിലൊരിക്കലും കിട്ടാത്ത ഒരു പദവിയിലേക്ക് ആരെ വേണമെങ്കിലും ഉയര്‍ത്തിക്കാണിക്കാമല്ലോ എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി.

ഈയടുത്തകാലത്തൊന്നും ബി.ജെ.പി കേരളത്തില്‍ സീറ്റ് പിടിക്കില്ല. ആകെയുള്ള ഒരു സീറ്റ് നേമത്താണ്. അതുംകൂടി നഷ്ടപ്പെടാന്‍ പോകുകയാണ്. കുമ്മനംരാജശേഖരനാണ് മത്സരിക്കാന്‍ പോകുന്നത്. രാജഗോപാലിന് രാഷ്ട്രീയത്തിനതീതമായ ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്. മാത്രമല്ല ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയായിരുന്നു യു.ഡി.എഫിന്റേത്. ജനതാദള്‍ ആയിരുന്നു മത്സരിച്ചത്. ഇത്തവണ ഇവിടെ കോണ്‍ഗ്രസ് മത്സരിക്കാന്‍ പോകുകയാണ്. കുമ്മനമൊന്നും ഇത്തവണ നിയമസഭയില്‍ വരുമെന്ന് പ്രതീക്ഷിക്കണ്ട, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajmohan Unnithan About E Sreedharan