സ്വതസിദ്ധമായ അഭിയനയശൈലി കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടനാണ് രജിനികാന്ത്. 1975ല്‍ അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച രജിനികാന്ത് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളില്‍ അഭിനയിച്ചു. പോയ വര്‍ഷം ഇറങ്ങിയ ജയിലര്‍ ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ.കലൈഞ്ജറിന്റെ നൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കലൈഞ്ജറുമായുള്ള അനുഭവം താരം പങ്കുവെച്ചു.
‘ഞാന്‍ ഒരു പ്രൊഡ്യൂസര്‍ക്ക് ഡേറ്റ് കൊടുത്തു. കലൈഞ്ജറുടെ തീവ്രഭക്തനായിരുന്നു അയാള്‍. പാര്‍ട്ടിയില്‍ ഇല്ലെങ്കിലും കലൈഞ്ജറുടെ ഉറ്റസുഹൃത്തായിരുന്നു അയാള്‍. എ.വി.എം സ്റ്റുഡിയോയില്‍ എന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എന്റെയടുത്ത് വന്ന് കൈതന്നിട്ട് പറഞ്ഞു, രജിനി, നമ്മുടെ പടം സൂപ്പര്‍ ഹിറ്റ് തന്നെയെന്ന് ഉറപ്പായി. ഞാന്‍ ചോദിച്ചു, സാര്‍ ഷൂട്ടിങ് പോലും തുടങ്ങിയിട്ടില്ല അതിനു മുന്നേ സൂപ്പര്‍ഹിറ്റ് ആവുന്നത് എങ്ങനെ? അതിന് അദ്ദേഹം പറഞ്ഞത്, ഷൂട്ടിങ് തുടങ്ങിയില്ലെങ്കില്‍ എന്താ, നമ്മുടെ സിനിമക്ക് വേണ്ടി സംഭാഷണം എഴുതാമെന്ന് കലൈഞ്ജര്‍ സമ്മതിച്ചു.
നെഞ്ചില്‍ വെടികൊണ്ടപോലെയായി ഞാന്‍. ഞാന്‍ പറയുന്നത് ശെരിയായിട്ടുള്ള തമിഴാണോ എന്ന് പോലും എനിക്കറിയില്ല. അങ്ങനെയുള്ള ഞാന്‍ കലൈഞ്ജറുടെ സംഭാഷണം എങ്ങനെ പറയും? അതുകൊണ്ട് അദ്ദേഹം എഴുതിയ സംഭാഷണം എന്നെക്കൊണ്ട് പറയാന്‍ പറ്റില്ല സാര്‍ എന്ന് ആ പ്രൊഡ്യൂസറിനോട് പറഞ്ഞു. അദ്ദേഹം അതുകേട്ട് ഷോക്കായി. ഓരോരുത്തരും കലൈഞ്ജറിനെക്കൊണ്ട് എഴുതിക്കാന്‍ ക്യൂ നില്‍ക്കുന്നു. നിങ്ങള്‍ പറഞ്ഞത് വേറെയാരെങ്കിലും കേട്ടാല്‍ എന്താവും. ഞാന്‍ പറഞ്ഞു, എന്ത് വന്നാലും എന്നെക്കൊണ്ടിത് ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാം.
പ്രൊഡ്യൂസര്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. അകത്ത് കയറി അദ്ദേഹത്തെ കണ്ടു. ഞാന്‍ കലൈഞ്ജറോട് തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ പുറത്തേക്കിറങ്ങി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സാര്‍ നിങ്ങള്‍ സംഭാഷണം എഴുതിയാല്‍ അത് അവതരിപ്പിക്കാന്‍ എനിക്ക് കഴിയുമോന്ന് സംശയമാണ്. അതിനദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, രജിനി, ഞാന്‍ ശിവാജിക്ക് വേണ്ടി എഴുതുമ്പോള്‍ അയാളുടെ ശൈലിയില്‍ എഴുതും. എം.ജി.ആറിന് വേണ്ടി എഴുതുമ്പോള്‍ അയാളുടെ ശൈലിയില്‍ എഴുതും. നിങ്ങളുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ നിങ്ങളുടെ ശൈലിയില്‍ എഴുതും.
ഞാന്‍ പറഞ്ഞു, സാര്‍ ചിലപ്പോ ഒന്നുരണ്ട് ഡയലോഗുകള്‍ മാറ്റേണ്ടി വരും, നിങ്ങള്‍ എഴുതിയ ഡയലോഗ് മാറ്റുന്നതെങ്ങനെ? അതിനദ്ദേഹം ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. അതെന്താ വല്ല തിരുക്കുറള്‍ വല്ലതുമാണോ? മാറ്റാതിരിക്കാന്‍.
അതിന് ശേഷം എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അദ്ദേഹം പ്രൊഡ്യൂസറെ അകത്തേക്ക് വിളിച്ചിട്ട് പറഞ്ഞു രജിനിക്ക് ഇപ്പൊ എല്ലാം ഓകെയായി. പക്ഷേ ഷൂട്ടിങ് അടുത്ത മാസമാണെന്ന് പറയുന്നു. രണ്ട് മാസം കഴിഞ്ഞാണെന്നാ ഞാന്‍ വിചാരിച്ചത്. സാരമില്ല, അടുത്ത സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന് പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു.’രജിനി പറഞ്ഞു. തമിഴ്‌നാട്ടിലെ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlight: Rajinikanth share his memories with Kalaignar Karunanidhi