Film News
ലാസ്റ്റ് മിനിട്ടിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 14, 02:42 am
Monday, 14th August 2023, 8:12 am

ജയിലര്‍ സിനിമയിലെ രസകരമായ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുന്ന രജിനികാന്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. കാവാലയ്യ എന്ന പാട്ടിനായി താന്‍ നേരത്തെ റെഡിയായി ചെന്നുവെന്നും എന്നാല്‍ തമന്നയുമായി വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ചെയ്യാനായുള്ളൂ എന്നുമാണ് രജിനി പറയുന്നത്. ജയിലര്‍ ഓഡിയോ ലോഞ്ചില്‍ വെച്ചുള്ള രജിനിയുടെ വീഡിയോ ആണ് വൈറലാവുന്നത്.

‘റിഹേഴ്‌സലെല്ലാം ചെയ്ത് ഞാന്‍ ആദ്യമേ റെഡിയായി നിന്നു. ഒരു പാട്ട് ആണുള്ളത് എന്ന് പറഞ്ഞ് എനിക്ക് വലിയ ബില്‍ഡ് അപ്പ് ആണ് തന്നത്. ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്. അപ്പോള്‍ തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല. അതേ സെറ്റപ്പില്‍ ഒരു സീന്‍ കൂടിയുണ്ട്. അതിലാണെങ്കില്‍ തമന്ന ഇല്ല. അതിന് ശേഷം രണ്ട് ക്ലോസപ്പ് എടുത്തിട്ട് സാര്‍ കഴിഞ്ഞു എന്ന് പറഞ്ഞു,’ രജിനികാന്ത് പറഞ്ഞു.

ബീസ്റ്റിന്റെ പരാജയത്തിന്റെ സമയത്ത് നെല്‍സണെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരുപാട് പേര്‍ തന്നോട് അവശ്യപ്പെട്ടിരുന്നു എന്നും രജിനികാന്ത് പറഞ്ഞു.

‘ജയിലറിനായി ഞങ്ങള്‍ ഒരു പ്രൊമോ ഷൂട്ട് ചെയ്ത് പുറത്ത് ഇറക്കിയിരുന്നു, അതിന് ശേഷമാണ് നെല്‍സണ്‍ വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്തത്. പക്ഷെ ചിത്രം വിചാരിച്ച അത്രയും നന്നായി പോയില്ല, വിതരണക്കാരുള്‍പ്പെടെയുള്ള പലരില്‍ നിന്നും നെല്‍സണെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കോളുകള്‍ ലഭിച്ചു.

നിരവധി കോളുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ സണ്‍ പിക്‌ചേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തി, അവര്‍ എന്നോട് പറഞ്ഞത് ബീസ്റ്റിന് മോശം അഭിപ്രായങ്ങള്‍ ആണെന്ന് ഉള്ളത് ശരിയാണ് സാര്‍, പക്ഷെ സിനിമ നന്നായി തന്നെ ബോക്സ് ഓഫീസില്‍ പെര്‍ഫോമന്‍സ് നടത്തുന്നുണ്ട് എന്നാണ്,’ രജിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ജയിലര്‍. പ്രമുഖ ട്രാക്കര്‍മാരെല്ലാം ഈ കണക്കുകള്‍ ശരി വെക്കുന്നുണ്ട്.

കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിരുന്നു. വിജയ്ക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി. വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്.

Content Highlight: Rajinikanth funny comment about kaavalayya song and Tamannah